കോഴിക്കോട്: വാട്സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്, പകരം കൂടുതല്‍ സമയം സംസാരിക്കാന്‍ വിനിയോഗിക്കണമെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. നടക്കാവ് ഗേള്‍സ് സ്കൂളില്‍ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമം കൂടുതലായി ഉപയോഗിക്കുന്നതാണ് മാനസിക സമ്മര്‍ദത്തിനിടയാക്കുന്നതെന്നും ഇതുവഴിയാണ് കുട്ടികള്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണിക്കൂറുകളോളം വാട്സ്ആപ്പില്‍ ചെലവിടുന്ന പുതുതലമുറ സ്വന്തം അച്ഛനമ്മമാരോടുപോലും സംസാരിക്കാന്‍ കൂട്ടാക്കുന്നില്ല. കുട്ടികള്‍ വാട്സ്ആപ് ഉപയോഗിക്കരുതെന്നല്ല, പഠനത്തിനും വിനോദത്തിനും മറ്റുമുള്ള സമയം കഴിഞ്ഞ് കുറച്ചുസമയം മാത്രമേ ഉപയോഗിക്കാവൂ. ഇതിന്‍െറ ഉപയോഗം ബന്ധങ്ങളെയും പഠനത്തെയും ബാധിക്കരുത്. പ്ളസ് ടു കഴിഞ്ഞാലുടന്‍ ഉന്നത വിദ്യാഭ്യാസത്തിനയക്കാതെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചയക്കുന്ന പ്രവണത മാറണം. ആണ്‍കുട്ടികളെപ്പോലെ ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും നേടിയശേഷം മാത്രം തങ്ങളുടെ പെണ്‍കുട്ടികളെ വിവാഹം ചെയ്തയച്ചാല്‍ മതിയെന്ന നിലപാടിലേക്ക് രക്ഷിതാക്കള്‍ എത്തണമെന്നും കുട്ടികള്‍ക്കിടയില്‍ ആണ്‍-പെണ്‍ വ്യത്യാസം കാണിക്കരുതെന്നും ഋഷിരാജ് സിങ് കൂട്ടിച്ചേര്‍ത്തു. കുട്ടികളിലെ ലഹരി ഉപയോഗം ആദ്യം കണ്ടെത്തേണ്ടതും പിടികൂടേണ്ടതും തടയേണ്ടതുമെല്ലാം അമ്മമാരാണ്. ഒരിക്കലും അധ്യാപകരെയോ പൊലീസുകാരെയോ ഇതിനായി കാത്തുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ കുട്ടികള്‍ തങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങളെക്കുറിച്ച് എക്സൈസ് കമീഷനറുടെ ശ്രദ്ധയില്‍പെടുത്തി. കുറേ ചോദ്യങ്ങള്‍ അദ്ദേഹം കുട്ടികളോടും ചോദിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷനര്‍ പി.കെ. സുരേഷ്, ജോ. കമീഷനര്‍ പി.വി. മുരളി കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സുഷമ ജേക്കബ് സ്വാഗതവും റോഷന്‍ ജോണ്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.