കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയാക് വാര്‍ഡുകളിലെ സ്ഥലപരിമിതിമൂലം രോഗികള്‍ കിടക്കുന്നത് വാര്‍ഡിനുപുറത്ത് വരാന്തയില്‍. പ്രത്യേക പരിചരണം ആവശ്യമുള്ള ഹൃദയസംബന്ധമായ അസുഖമുള്ളവരാണ് പുറത്ത് പായ വിരിച്ച് കിടക്കേണ്ടിവരുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കിലെ രണ്ടാംനിലയിലാണ് കാര്‍ഡിയോളജി വിഭാഗം വാര്‍ഡുകള്‍. പുരുഷന്മാരുടെ വാര്‍ഡില്‍ 24ഉം സ്ത്രീകളുടെ വാര്‍ഡില്‍ 17ഉം ബെഡുകളാണുള്ളത്. ഇവയിലെല്ലാം ആളുകളുണ്ട്. കൂടാതെ കൂട്ടിരിപ്പുകാരുമായി വാര്‍ഡ് തിങ്ങിയ അവസ്ഥയിലാണുള്ളത്. വാര്‍ഡില്‍ അധികമായി വരുന്ന രോഗികളാണ് പുറത്തെ വരാന്തയില്‍ കിടക്കുന്നത്. പത്തോളം പേര്‍ ഇങ്ങനെ പുറത്തെ തറയില്‍ കിടക്കുന്നുണ്ട്. ഇവരില്‍ പലരും അതീവ പരിചരണം ആവശ്യമുള്ള രോഗികളാണ്. പ്രായമായവരും സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. മെഡിസിന്‍ ഉള്‍പ്പെടെ മറ്റു ചികിത്സാവിഭാഗങ്ങളില്‍നിന്നുള്ള ഹൃദയസംബന്ധമായ അസുഖമുള്ള പല രോഗികളെയും ഹൃദ്രോഗവിഭാഗത്തിലേക്ക് മാറ്റുന്നുണ്ട്. ഇതുകൂടാതെ കാര്‍ഡിയോളജിയിലെ സി.സി.യുവില്‍നിന്ന് രോഗം അല്‍പം ഭേദമായവരെ മാറ്റുന്നതും, കാത്ലാബിലെ ചികിത്സ കഴിഞ്ഞാല്‍ മാറ്റുന്നതുമെല്ലാം ഈ വാര്‍ഡുകളിലേക്കാണ്. മെഡിസിന്‍ വാര്‍ഡിലും ആവശ്യത്തിന് ബെഡില്ലാത്തതുമൂലം രോഗികള്‍ പലരും പുറത്തുകിടക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍, കാര്‍ഡിയോളജി വിഭാഗത്തിലെ രോഗികള്‍ക്കാണ് പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമുള്ളത്. ഒട്ടേറെ ആളുകള്‍ നടക്കുന്ന വരാന്തയില്‍ കിടക്കുന്നത് അണുബാധയുള്‍പ്പെടെ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ട്. കാര്‍ഡിയോളജി വാര്‍ഡ് വികസിപ്പിക്കാനായി മൂന്നാംനിലയില്‍ പ്രത്യേക സംവിധാനമൊരുക്കുന്നുണ്ടെങ്കിലും സ്റ്റാഫ് നഴ്സുള്‍പ്പെടെ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പഴയ ബ്ളോക്കില്‍നിന്ന് സൂപ്പര്‍ സ്പെഷാലിറ്റി കെട്ടിടത്തിലേക്ക് വാര്‍ഡും ഒ.പിയുമെല്ലാം മാറ്റിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. മുകളില്‍ പുതിയ വാര്‍ഡ് പ്രവര്‍ത്തനമാരംഭിക്കുന്നതിന് 20ഓളം സ്റ്റാഫ് നഴ്സുമാരെ നിയമിക്കേണ്ടി വരുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.