തെരുവുനായ്ക്കളുടെ വന്ധ്യംകരണം: രണ്ടാംഘട്ടം തുടങ്ങി

കോഴിക്കോട്: നഗരത്തിലെ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരമെന്നനിലയില്‍ തെരുവുനായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിനായി കോര്‍പറേഷന്‍ നടപ്പാക്കുന്ന എ.ബി.സി (ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. മൂന്നു ദിവസം നീളുന്ന, തെരുവുനായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പും പ്രതിരോധ കുത്തിവെപ്പും റെയില്‍വേ കോളനി പരിസരത്ത് ഒരുക്കിയ പ്രത്യേക ക്യാമ്പില്‍ ആരംഭിച്ചു. ആദ്യ ദിനം റെയില്‍വേ കോളനി പരിസരത്തെ 30 തെരുവുനായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി. താക്കോല്‍ദ്വാര, അര്‍ധ-താക്കോല്‍ദ്വാര, ഓപണ്‍ ശസ്ത്രക്രിയ എന്നീ മൂന്നു മാര്‍ഗങ്ങളിലൂടെയാണ് ഇവക്ക് വന്ധ്യംകരണം നടത്തിയത്. ശസ്ത്രക്രിയക്കുശേഷം പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പും എടുത്തു. ശസ്ത്രക്രിയക്കുശേഷം നാലാം ദിവസം, നായ്ക്കളെ പിടിച്ചുകൊണ്ടുവന്നത് എവിടെയാണോ അവിടത്തെന്നെ തുറന്നുവിടും. പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. രാജന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ഡോ. കെ.കെ. ബേബി, കെ.വി. ബാബുരാജ്, എം.സി. അനില്‍കുമാര്‍, പി.എം. നിയാസ്, ബിജുലാല്‍, നമ്പിടി നാരായണന്‍, പി.പി. കണാരന്‍, ഡോ. കെ. മാധവന്‍, പി.ടി.എസ്. ഉണ്ണി, ജനാര്‍ദനന്‍, ഡോ. വത്സല, ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായുള്ള ക്യാമ്പില്‍ നൂറോളം നായ്ക്കള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനാണ് ഉദ്ദേശിക്കുന്നത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സര്‍ജറി വിഭാഗം പ്രഫ. ശ്യാം വേണുഗോപാലിന്‍െറ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. നായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമായതിനാലാണ് കോര്‍പറേഷന്‍ നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള എ.ബി.സി പദ്ധതി ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT