ട്രാഫിക് പരിഷ്ക്കാരവുമായി മുക്കം നഗരസഭ

മുക്കം: അങ്ങാടിയിലും പരിസരങ്ങളിലും ആവര്‍ത്തിക്കുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കാനും ഗതാഗതക്കുരുക്ക് പരിഹരിക്കാനും ഉതകുന്ന ട്രാഫിക് പരിഷ്കരണ പദ്ധതി നടപ്പാക്കാന്‍ മുക്കം നഗരസഭ ഒരുങ്ങുന്നു. വിവിധ സംഘടനകളില്‍നിന്നും പൊതുജനങ്ങളില്‍ നിന്നും നഗരസഭക്ക് ലഭിച്ച നിവേദനങ്ങളും ഹരജികളും പരിശോധിക്കുകയും വിദഗ്ധോപദേശം സ്വീകരിക്കുകയും ചെയ്ത ശേഷം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തയാറാക്കിയ പരിഷ്കരണപദ്ധതിയാണ് നഗരസഭ നടപ്പാക്കുന്നത്. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ ബൈപാസും പുറത്തുപോകാന്‍ അങ്ങാടിയിലൂടെയുള്ള പ്രധാന റോഡും ഉപയോഗിക്കുന്നതു മാറ്റി പ്രധാന റോഡിലൂടെ അകത്തുകയറി ബൈപാസിലൂടെ പുറത്തുപോകുന്ന രീതി സ്വീകരിക്കുന്നതാണ് പരിഷ്കാരത്തിലെ കാതലായ മാറ്റം. ഈ മാറ്റം നടപ്പാക്കുന്നതിനൊപ്പം ബൈപാസ് വണ്‍വേ ആക്കുകയും ചെയ്യുമ്പോള്‍ ബൈപാസ് ജങ്ഷനില്‍ ഇടക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക് ലഭിച്ച ഉപദേശം. ഇതുപ്രകാരം ട്രാഫിക് സംവിധാനം മാറുമ്പോള്‍ പടിഞ്ഞാറ് കോഴിക്കോട് റോഡില്‍നിന്നു വരുന്ന വാഹനങ്ങള്‍ അഭിലാഷ് ജങ്ഷനില്‍നിന്ന് വലത്തോട്ടുതിരിയാതെ നേരെ അങ്ങാടിയിലൂടെ ബസ്സ്റ്റാന്‍ഡിലത്തെുകയും അവിടെനിന്ന് യാത്രക്കാരെ കയറ്റി ബൈപാസിലൂടെ പുറത്തേക്കുപോകുകയും ചെയ്യണം. അങ്ങാടിയിലെ അനധികൃത വാഹന പാര്‍ക്കിങ്ങും റോഡു കൈയേറ്റവും ഒഴിവാക്കുകയും ചെയ്യുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഓര്‍ഫനേജ് റോഡ്, മമ്മദ് ഹാജി റോഡ്, പി.സി. റോഡ് എന്നിവ വണ്‍വേ ആക്കുകയുംകൂടി ചെയ്യുന്നതോടെ മുക്കം അങ്ങാടിയിലെ ട്രാഫിക് സംവിധാനത്തിലെ അശാസ്ത്രീയത തീര്‍ത്തും ഒഴിവാകും. പരിഷ്കാരം ഉടന്‍ നടപ്പാക്കാനാണ് നഗരസഭയുടെ നീക്കം. പ്രാഥമിക ചര്‍ച്ചക്കൊടുവില്‍ ഉന്നത പൊലീസ് ഓഫിസര്‍മാരടക്കമുള്ള അധികൃതരില്‍നിന്ന് ആവശ്യമായ അനുമതിയും പിന്തുണയും ലഭിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച 25ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT