ബൈക്കില്‍ പിന്തുടര്‍ന്ന് പണം കവര്‍ന്ന കേസ്: ഒരാള്‍കൂടി പിടിയില്‍

താമരശ്ശേരി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആളെ പിന്തുടര്‍ന്ന് കവര്‍ച്ച നടത്തിയ കേസിലെ ഒരാള്‍കൂടി പിടിയിലായി. ആലപ്പുഴ മുഹമ്മ കെ.ജി കവലചാണ്ടിവിളയില്‍ രാജീവിനെയാണ്(30) താമരശ്ശേരി ഡിവൈ.എസ്.പിയുടെ സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 31ന് പുതുക്കുടി വാനിക്കരവെച്ചാണ് ആവിലോറ കിഴക്കെ നൊച്ചിപ്പൊയില്‍ മനാസിനെ ബൈക്കില്‍ പിന്തുടര്‍ന്ന മൂവര്‍ സംഘം മര്‍ദിച്ച് അവശനാക്കിയശേഷം 3,20,000 രൂപ കവര്‍ന്നത്. കവര്‍ച്ചാസംഘം വന്ന ബൈക്ക് സ്റ്റാര്‍ട്ടാകാതെ വന്നതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ സംഘത്തിലുണ്ടായിരുന്ന ആലപ്പുഴ കലവൂര്‍ മണ്ണഞ്ചേരി രാജേഷിനെ (27) പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. മറ്റുള്ളവര്‍ പണവുമായി ഓടി രക്ഷപ്പെട്ടു. പിടിയിലായ രാജേഷില്‍നിന്നാണ് കവര്‍ച്ചാസംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. 2007ല്‍ കോഴിക്കോട് സിറ്റിയിലെ പെട്രോള്‍ പമ്പില്‍നിന്ന് ബാങ്കിലേക്ക് പണംകൊണ്ടുപോവുമ്പോള്‍ മുളകുപൊടി വിതറി ഏഴരലക്ഷം രൂപ കവര്‍ന്ന കാക്ക രഞ്ജിത്തിന്‍െറ സംഘത്തിലെ പിടികിട്ടാപ്പുള്ളിയാണ് പിടിയിലായ രാജീവ്. കേരളത്തിലുടനീളം വന്‍ കവര്‍ച്ച നടത്തുന്ന സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘമായ രാജീവ് മുഹമ്മയില്‍ പിടിച്ചുപറി കേസിലും ആലപ്പുഴ നോര്‍ത്തില്‍ വധശ്രമ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. രാജേഷ് ജയിലില്‍കഴിയുമ്പോള്‍ പരിചയപ്പെട്ട കൊടുവള്ളിയിലെ സുഹൃത്തുക്കളായ റഷീദ്, ഷഫീഖ് എന്നിവരാണ് കവര്‍ച്ചാസംഘത്തിന് വിവരങ്ങള്‍ നല്‍കിയത്. കവര്‍ന്ന പണത്തില്‍ 50,000 രൂപ ഇവര്‍ക്ക് നല്‍കുകയും ചെയ്തു. കേസിലുള്‍പ്പെട്ട ആലപ്പുഴ സ്വദേശികളായ രഞ്ജിത്ത് എന്ന രഞ്ജുമോന്‍, റിയാസ്, കോഴിക്കോട് സ്വദേശി ആരിഫ് എന്നിവരെ പിടികൂടാനുണ്ടെന്ന് കേസന്വേഷിക്കുന്ന സി.ഐ എം.ഡി. സുനില്‍ പറഞ്ഞു. സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ ഷിബിന്‍ ജോസഫ്, വി.കെ. സുരേഷ്, ബിജു, അബ്ദുല്‍ റഷീദ് എന്നിവരാണ് മുഹമ്മയില്‍നിന്ന് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.