റാഗിങ്: കോളജുകളില്‍ ജൂനിയേഴ്സിനെ സ്വീകരിക്കാന്‍ പൊലീസിന്‍െറ ‘വെല്‍ക്കം പാര്‍ട്ടി’

കോഴിക്കോട്: പുതിയ അധ്യയനവര്‍ഷാരംഭത്തില്‍ കാമ്പസുകളിലത്തെുന്ന പുതുമുഖങ്ങളെ വരവേല്‍ക്കാന്‍ ചേട്ടന്മാരൊരുക്കുന്ന ‘തരികിടക്ക്’ പൊലീസ് കാവലുണ്ടാകും. കോളജിലേക്കുള്ള നവാഗതര്‍ പാലിക്കേണ്ട ‘വികൃതമായ’ മാര്‍ഗനിര്‍ദേശങ്ങള്‍ ഫേസ്ബുക്കില്‍ വൈറലായതിന് പിന്നാലെയാണിത്. ജൂനിയേഴ്സ് പാലിക്കേണ്ട കല്‍പനകള്‍ എന്ന പേരില്‍ ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥിയാണ് ഫേസ്ബുക്കില്‍ റാഗിങ് അനുകൂല പോസ്റ്റിട്ടത്. ‘ചേട്ടന്മാരെക്കാള്‍ സ്റ്റൈലായ കണ്ണട വെക്കരുതെന്നും ഫ്രീക് ബാഗാണെങ്കില്‍ കാമ്പസിന് പുറത്തുവെച്ചാല്‍ മതിയെന്നും’ തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു സീനിയേഴ്സ് പോസ്റ്റിലൂടെ നല്‍കിയത്. കസബ പൊലീസ് കഴിഞ്ഞ അധ്യയനവര്‍ഷം അഞ്ച് റാഗിങ് കേസ് രജിസ്റ്റര്‍ ചെയ്ത ഗുരുവായൂരപ്പന്‍ കോളജില്‍ നിന്നുതന്നെ ഇത്തരമൊരു പോസ്റ്റ് വന്നതോടെയാണ് പൊലീസിന്‍െറ കര്‍മപരിപാടി. കോളജ് തുറക്കുന്ന ദിവസം സീനിയേഴ്സിന്‍െറ ‘സ്വീകരണത്തില്‍പെട്ട്’ കുഴങ്ങുന്ന ജൂനിയേഴ്സ് കാമ്പസുകളിലെ പതിവ് കാഴ്ചയാണ്. ഇത്തവണ സാധാരണയില്‍നിന്ന് വ്യത്യസ്തമായി നഗരത്തിലെ കോളജുകളില്‍ നവാഗതരെ സ്വാഗതം ചെയ്യാനുള്ള ‘വെല്‍ക്കം പാര്‍ട്ടി’യുടെ സംഘാടകര്‍ പൊലീസ് തന്നെയായിരിക്കും. ചേട്ടന്മാരും അനിയന്മാരും തമ്മിലെ ശത്രുതാ നിലപാടിന് പകരം സൗഹൃദാന്തരീക്ഷം ഉണ്ടാക്കുകയാണ് പൊലീസിന്‍െറ ലക്ഷ്യം. പൂച്ചെണ്ടുകള്‍ കൈമാറിയും മധുരം നല്‍കിയും സീനിയേഴ്സിനെയും ജൂനിയേഴ്സിനെയും തമ്മില്‍ അടുപ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ കാമ്പസുകളില്‍ ആന്‍റി റാഗിങ് കമ്മിറ്റികള്‍ രൂപവത്കരിച്ച് അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണോ എന്ന് നിരീക്ഷിക്കും. പ്രവേശസമയത്ത് വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും റാഗിങ് വിരുദ്ധ പ്രസ്താവന ഒപ്പിട്ട് വാങ്ങും. നേരത്തേ വിദ്യാര്‍ഥികള്‍ മാത്രം രേഖാമൂലമുള്ള സത്യപ്രസ്താവന നല്‍കിയാല്‍ മതിയായിരുന്നു. കാമ്പസിലും പരിസരത്തും വനിതാ പൊലീസുകാരുള്‍പ്പെടെയുള്ളവര്‍ മഫ്തിയില്‍ റോന്തുചുറ്റും. റാഗിങ്ങിനെതിരായ ബോധവത്കരണവും പോസ്റ്റര്‍ പ്രചാരണവും നടത്താനും പൊലീസിന് പദ്ധതിയുണ്ട്. റാഗിങ്ങിനെതിരെ പരാതി ലഭിച്ചാല്‍ 1998ലെ റാഗിങ് നിരോധ നിയമപ്രകാരം വധശ്രമത്തിന് ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 324, 341, 294, 308, 307, 306 വകുപ്പുകള്‍ പ്രകാരം കേസെടുക്കാം. രണ്ടുവര്‍ഷം തടവും 10,000 രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണിത്. കൂടാതെ കുറ്റക്കാരനെ മൂന്നുവര്‍ഷത്തേക്ക് ഒരു കോളജിലും പ്രവേശം ലഭിക്കാത്തവിധം ഡിസ്മിസ് ചെയ്യാനും സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT