മിന്നലേറ്റ് നിരവധി പേര്‍ക്ക് പരിക്ക്; വീടുകള്‍ തകര്‍ന്നു

നടുവണ്ണൂര്‍: പലയിടങ്ങളിലായി മിന്നലേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. നിരവധി വീടുകള്‍ തകര്‍ന്നു. കോട്ടൂര്‍ പഞ്ചായത്തില്‍ വാകയാട്ട് മിന്നലേറ്റ് ഏഴു പേര്‍ക്ക് പരിക്ക്. ഒരു വീട് തകര്‍ന്നു. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. വനിതകളുടെ അയല്‍ക്കൂട്ട യോഗം നടക്കുമ്പോഴാണ് മിന്നലേറ്റത്. കാരപ്പാടി മീനാക്ഷിയുടെ വീട്ടിലായിരുന്നു യോഗം. ഇവരുടെ വീടിന് വ്യാപക കേടുപാടുകള്‍ പറ്റി. അടുക്കളഭാഗത്തെ ചുവരിനും തറക്കും വിള്ളല്‍ വീണു. വയറിങ് പൂര്‍ണമായി നശിച്ചു. ജനല്‍ചില്ല് പൊട്ടിത്തെറിച്ചു. കിണറിന്‍െറ ചുറ്റുമതിലും തകര്‍ന്നു.മിന്നലേറ്റ് പനച്ചിരിങ്ങല്‍ കമല (46), കാരപ്പാടി വേലായുധന്‍ (48), പുറ്റിങ്ങല്ലത്ത് ശോഭ (48), കോറോത്ത്മലയില്‍ മൈഥിലി (52) എന്നിവര്‍ക്കും പാലോളി സ്വദേശികളായ തൊണ്ടിപ്പുറംകണ്ടി രജിത (30), കടപ്പുറത്ത ഷെര്‍ലി (40), കാരപ്പാടി കോയാമൂട്ടി (62) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ഉടന്‍തന്നെ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മേയ് 14ന് വാകയാട് തന്നെ മിന്നലേറ്റ് വിദ്യാര്‍ഥി മരിക്കുകയും അഞ്ചു യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നന്തിബസാര്‍: കോഴിപ്പുറം കേളോത്ത് ബിജുല നിവാസ് ബാലന്‍െറ വീടിന് മുകളില്‍ തെങ്ങുവീണ് വീടിന്‍െറ സണ്‍ഷേഡ് തകര്‍ന്നു. ആളപായമില്ല. ആയഞ്ചേരി: ഇടിമിന്നലില്‍ വീടിന് കേടുപറ്റി. തുണ്ടിക്കണ്ടി റഹ്മത്തിന്‍െറ വീടിനാണ് കേടുപറ്റിയത്. മുന്‍ഭാഗത്തെ തൂണ്‍ തകര്‍ന്നു. വയറിങ്ങിനും കേടുപറ്റി. തൊട്ടടുത്ത പറമ്പത്ത് രാജന്‍െറ വീട്ടിലെ മതിലിന് കേടുപറ്റിയിട്ടുണ്ട്. വീട്ടുവളപ്പിലെ പ്ളാവ് നശിച്ചു. നാദാപുരം: പുറമേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ പനോളാണ്ടി മുക്കില്‍ ശക്തമായ മിന്നലില്‍ വീടുകള്‍ക്ക് കനത്ത നാശം. കാര്യാട്ട് മീത്തല്‍ കുഞ്ഞിരാമന്‍, തയ്യുള്ളതില്‍ കുമാരന്‍, തയ്യുളളതില്‍ കുഞ്ഞിരാമന്‍ എന്നിവരുടെ വീടുകളിലാണ് ഇടിമിന്നല്‍ നാശം വിതച്ചത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം. കാര്യാട്ട് മീത്തല്‍ കുഞ്ഞിരാമന്‍െറ വീട്ടിലെ വയറിങ്ങും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും കത്തിനശിച്ചു. വീടിന്‍െറ മുകള്‍നിലയിലെ മേല്‍ക്കൂരയിലെ ഓടുകള്‍ തകരുകയും, ഭിത്തിയില്‍ വിള്ളല്‍ വീഴുകയും, കിടപ്പുമുറിയിലെ സീലിങ് നശിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള വീട്ടുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മിന്നലില്‍ ആഘാതമേറ്റ കാര്യാട്ടുമ്മല്‍ ജിമ, തയ്യുള്ളതില്‍ ബിന്ദു എന്നിവര്‍ നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. പഞ്ചായത്ത് പ്രസിഡന്‍റ് കെ. അച്യുതന്‍, വില്ളേജ് ഓഫിസര്‍ സുരേഷ്ബാബു, വാര്‍ഡ് അംഗം ഷംസു മഠത്തില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വില്യാപ്പള്ളി: മൂയ്യോട്ട് താഴെ ഒതയോത്ത് ശശിയുടെ വീടിന് ഇടിമിന്നലില്‍ നാശം. വൈദ്യുതി മീറ്റര്‍, ഫ്യൂസ്, സ്വിച്ചുകള്‍, കുളിമുറിയുടെ സണ്‍ഷേഡ് എന്നിവ തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.