അഴിമതി ഇല്ലാതാക്കല്‍ പ്രധാന അജണ്ട –മേയര്‍

കോഴിക്കോട്: കോര്‍പറേഷനില്‍ അഴിമതി ഇല്ലാതാക്കുകയാണ് തന്‍െറ പ്രഥമ ദൗത്യമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. കാലിക്കറ്റ് പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ഉദ്യോഗസ്ഥതലത്തിലായാലും ഭരണസമിതി തലത്തിലായാലും വെച്ചുപൊറുപ്പിക്കില്ല. ഇക്കാര്യത്തില്‍ പുതിയ നടപടികള്‍ സ്വീകരിക്കുന്നതിന് ഓരോ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി യോഗം നടത്തും. ഓഫിസ് ഭരണസംവിധാനം സുതാര്യമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതിനുമായി എല്ലാ സേവനവും ഓണ്‍ലൈനില്‍ ലഭ്യമാവുന്ന രീതിയിലേക്ക് മാറ്റും. മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇതിന്‍െറ ഭാഗമായി കമ്പ്യൂട്ടര്‍ ലഭ്യമാക്കും. കോര്‍പറേഷന്‍ ഓഫിസില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിന് ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷനില്‍ കെട്ടിടനിര്‍മാണത്തിന്‍െറ പേരിലും ഒരുപാട് തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. കരാറുകാരനും പ്ളാന്‍ വരക്കുന്നയാളുമെല്ലാം കെട്ടിടനിര്‍മാണത്തിന്‍െറ നടപടിക്രമങ്ങള്‍ പാലിക്കാതെ അനുമതി നേടാന്‍ ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത്തരം അപാകതകളെല്ലാം പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ആര്‍കിടെക്റ്റുകളുടെ യോഗം വിളിക്കും. കോര്‍പറേഷനിലെ മാലിന്യപ്രശ്നവും അടിയന്തരമായി പരിഹരിക്കണം. നാലാം ഗേറ്റിലും നഗരത്തിന്‍െറ പ്രധാന ഭാഗങ്ങളിലും രാത്രിയില്‍ മാലിന്യം തള്ളുന്നത് തടയുന്നതിന് രാത്രി പാറാവുകാരനെ നിയമിക്കും. മാലിന്യത്തിലൂടെയുള്ള കൊതുകുവ്യാപനം തടയുന്നതിന് സ്വീവേജ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്. സിംഗപ്പൂര്‍ പോലുള്ള വിദേശരാജ്യങ്ങളിലെ മാതൃക ഇക്കാര്യത്തില്‍ പിന്‍പറ്റും. തൊണ്ടയാട് ബൈപാസില്‍ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്ക് നോട്ടീസയച്ചതിന് വിശദീകരണം ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. ഞെളിയന്‍പറമ്പിലെ മാലിന്യപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ കഴിയാത്തത് ഇവിടെ ജൈവ, പ്ളാസ്റ്റിക് മാലിന്യങ്ങളെക്കാള്‍ ഇ-മാലിന്യങ്ങളും ഇരുമ്പ് പോലുള്ള വസ്തുക്കളും കൊണ്ടുതള്ളുന്നതുകൊണ്ടാണെന്ന് മേയര്‍ പറഞ്ഞു. മൊബൈല്‍ ഫോണിന്‍െറ ഉള്‍പ്പെടെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഇവിടെ കുന്നുകൂടി കിടക്കുകയാണ്. കോര്‍പറേഷനുകീഴിലെ അനാദായകരമായ സ്കൂളുകള്‍ ലാഭകരമാക്കാനായി സാധ്യമായതു ചെയ്യുമെന്നും തെരുവുനായ ശല്യം കുറക്കുന്നതിന് വെള്ളിമാട്കുന്നില്‍ വന്ധ്യംകരണ ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമഗ്രവികസനത്തിന് പ്രായോഗിക മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുമെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.