നാദാപുരം മാലിന്യപ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം

നാദാപുരം: നാദാപുരത്ത് മാലിന്യ പ്രശ്നത്തിന് താല്‍ക്കാലിക വിരാമമാകുന്നു. മാസങ്ങളായി നീക്കംചെയ്യാതെ ശേഖരിച്ചുവെച്ച പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മൈസൂരുവിലേക്ക് കയറ്റിയയച്ചു തുടങ്ങി. ഞായറാഴ്ച ഒരു ലോറി നിറയെ മാലിന്യവുമായി ആദ്യ വണ്ടി പുറപ്പെട്ടു. അടുത്ത ദിവസങ്ങളിലും ഈ രീതിയില്‍ മാലിന്യനീക്കം നടക്കും. കാലവര്‍ഷം തുടങ്ങിയ സാഹചര്യത്തിലാണ് നാദാപുരം, കല്ലാച്ചി ടൗണുകളില്‍ ശേഖരിച്ചുവെച്ച മാലിന്യം അടിയന്തരമായി നീക്കുന്നത്. കനത്ത മഴയില്‍ ചീഞ്ഞളിഞ്ഞ മാലിന്യത്തില്‍നിന്ന് രൂക്ഷമായ ആരോഗ്യ പ്രശ്നമുണ്ടായേക്കുമെന്ന ഭീതിയിലാണ് മാലിന്യനീക്കത്തിന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ മുന്നിട്ടിറങ്ങിയത്. മാലിന്യം കൊണ്ടുപോകുന്നതിന് സ്വകാര്യ കമ്പനിക്ക് വന്‍ തുക നല്‍കിയാണ് ഏര്‍പ്പാട് ചെയ്തത്. നേരത്തേ മാലിന്യ പ്ളാന്‍റില്‍ കൂട്ടിയിട്ടിരുന്ന പ്ളാസ്റ്റിക് മാലിന്യം ഈ രീതിയില്‍ പുറത്തേക്ക് കൊണ്ടുപോയിരുന്നു. ഇതേ കമ്പനിതന്നെയാണ് ഇപ്പോഴും മാലിന്യം നീക്കം ചെയ്യുന്നത്. പാലോഞ്ചാല കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് മാലിന്യപ്ളാന്‍റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കര്‍മ സമിതി നേതൃത്വത്തില്‍ മാസങ്ങളായി നടക്കുന്ന ഉപരോധം മൂലമാണ് മാലിന്യനീക്കം വഴിമുട്ടിയത്. സമരക്കാരുടെ ഭീഷണിമൂലം മാലിന്യം കൊണ്ടുപോകുന്ന ഗ്രാമപഞ്ചായത്ത് ട്രാക്ടര്‍ ഓടിക്കുന്ന ഡ്രൈവര്‍ ജോലി ചെയ്യാന്‍ വിസമ്മതം പ്രകടിപ്പിച്ചതോടെ പൊലീസ് സഹായത്തോടെയും മാലിന്യം നീക്കംചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. മറ്റൊരു ഡ്രൈവറെ ദിവസങ്ങളായി തിരയുന്നുണ്ടെങ്കിലും ആരെയും ലഭിച്ചിട്ടില്ല. സ്വകാര്യ വാഹനങ്ങളും മാലിന്യം കൊണ്ടുപോകാന്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് കുമിഞ്ഞുകൂടിയ മാലിന്യം താല്‍ക്കാലികമായി മാറ്റാന്‍ തീരുമാനിച്ചത്. നാദാപുരം, കല്ലാച്ചി ടൗണുകളില്‍നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ വലിയ പ്ളാസ്റ്റിക് ബാഗുകളില്‍ നിറച്ച് പാക്ക് ചെയ്താണ് ലോറിയില്‍ കയറ്റിയയക്കുന്നത്. മാസങ്ങളായി നീക്കം ചെയ്യപ്പെടാതെ കിടക്കുന്ന ഇവ ഭാഗികമായെങ്കിലും നീക്കം ചെയ്യണമെങ്കില്‍ നിരവധി ലോഡുകള്‍ വേണ്ടിവരും. അതിനിടെ സമരക്കാരുമായി അനുരഞ്ജനത്തിലത്തൊനുള്ള പോംവഴിയെക്കുറിച്ച് ആലോചനയിലാണ് അധികൃതര്‍. ഇ.കെ. വിജയന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തി സമവായത്തിലത്തൊന്‍ ഇതു സംബന്ധമായി നീക്കം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT