ഗെയ്ല്‍ പദ്ധതിയിലുറച്ച് മുഖ്യമന്ത്രി; ആശങ്കയൊഴിയാതെ ജനവാസമേഖലകള്‍

മുക്കം: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദിഷ്ട കൊച്ചി -മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ആശങ്കയൊഴിയാതെ മേഖലകള്‍. നാടിന്‍െറ വികസനത്തിന് വാതകപദ്ധതി മുതല്‍ക്കൂട്ടാണെന്നും അല്‍പം ദോഷമുണ്ടാവുമെന്നുവെച്ച് പദ്ധതി നടപ്പാക്കാതിരിക്കുന്നത് ശരിയല്ളെന്നുമാണ് പുതിയ പ്രസ്താവന. ജനവാസമേഖലകളില്‍ ഭവനം നഷ്ടപ്പെടുന്നതുള്‍പ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സര്‍ക്കാര്‍ വേണ്ടരീതിയില്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. പുതിയ പ്രസ്താവന ആക്ഷന്‍ കമ്മിറ്റികളുടെയും സമരസമിതികളുടെയും പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കും. പദ്ധതി കടന്നുപോകുന്ന മിക്ക ജനവാസമേഖലകളിലും സി.പി.എം നേതൃത്വത്തിലായിരുന്നു ആക്ഷന്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതോടെ സി.പി.എം പിന്തിരിയുന്ന സാഹചര്യമാവും വരിക. ജില്ലയില്‍ മലയോരമേഖലകളായ താമരശ്ശേരി, ഓമശ്ശേരി, മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്ത് വഴി മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലേക്കാണ് ലൈന്‍ കടന്നുപോവുന്നത്. എല്ലാം ജനവാസമേഖലകളാണ്. ഈ പ്രദേശങ്ങളിലൂടെ യാതൊരു സുരക്ഷയുമില്ലാതെയാണ് പൈപ്പ് ലൈന്‍ കടന്നുപോവുന്നതെന്നും കൃഷിഭൂമി പോലും കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാവുമെന്നും പ്രദേശവാസികള്‍ നിരന്തരമായി ഉന്നയിക്കുന്ന കാര്യമാണ്. ഈ പ്രദേശങ്ങളില്‍ സര്‍വേക്കത്തെിയ ഉദ്യോഗസ്ഥരെ ജനം സംഘടിച്ച് നേരിടുകയും സൈറ്റ് ഓഫിസ് പോലും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. എതിര്‍പ്പ് ശക്തമായതോടെ പൈപ്പ് ലൈന്‍ കടന്നുപോവുന്ന സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശം സ്ഥലം ഉടമക്ക് തന്നെയാണെന്ന് ഗെയ്ല്‍ അധികൃതര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ സംസ്ഥാന സര്‍ക്കാറിന്‍െറ കാലത്ത് പദ്ധതിക്കെതിരെ കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകള്‍ പ്രമേയം പാസാക്കിയിരുന്നു. ഈ രണ്ട് പഞ്ചായത്തിലൂടെയും പൈപ്പ് ലൈന്‍ കടന്നുപോവാന്‍ അനുവദിക്കില്ളെന്നായിരുന്നു ഭരണസമിതി പ്രമേയം. എന്നാല്‍, സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാവുകയും ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതിക്കായി രംഗത്തുവരികയും ചെയ്തതതോടെ ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT