കോഴിക്കോട്: ജില്ലയില്‍ മാലിന്യം മൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളിലെ ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്നും ഇതിനുപിറകിലെ സാങ്കേതിക നിയമക്കുരുക്കുകള്‍ ഉടന്‍ നീക്കുമെന്നും എക്സൈസ്-തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍. മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ എം.എല്‍.എമാരുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ട്, മാലിന്യക്കൂമ്പാരം, റോഡിലെ കുഴികള്‍ തുടങ്ങിയവയാണ് നിലവിലെ പ്രശ്നങ്ങള്‍. ഇവ ജനപക്ഷത്തുനിന്ന് പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദേശീയപാതയിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികള്‍ അടക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലിനജലം കെട്ടിനില്‍ക്കുകയും മാലിന്യം കുന്നുകൂടുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ സത്വര നടപടി സ്വീകരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സഹകരണവും തേടും. ഓരോ മണ്ഡലത്തിലെയും എം.എല്‍.എമാരുടെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. നഗരത്തില്‍ മാവൂര്‍ റോഡിലേതുള്‍പ്പെടെയുള്ള ഡ്രെയ്നേജ് സംവിധാനം കാര്യക്ഷമമാക്കാന്‍ നടപടിയെടുക്കണം. ഇതിനായി വാട്ടര്‍ അതോറിറ്റി, ടെലികോം വകുപ്പുകളുടെ സഹകരണം തേടും. ഫണ്ടില്ളെന്ന കാരണത്താല്‍ ശുചീകരണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കരുതെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും എക്സൈസ് മന്ത്രി നിര്‍ദേശിച്ചു. എം.എല്‍.എമാരായ ഡോ.എം.കെ. മുനീര്‍, വി.കെ.സി. മമ്മദ്കോയ, സി.കെ. നാണു, പുരുഷന്‍ കടലുണ്ടി, ജോര്‍ജ് എം. തോമസ്, കെ. ദാസന്‍, ഇ.കെ. വിജയന്‍, കാരാട്ട് റസാഖ്, പി.ടി.എ. റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, നഗരസഭാ അധ്യക്ഷന്മാര്‍, അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. ജിനില്‍കുമാര്‍, പൊതുമരാമത്ത് ഡിവിഷന്‍ മേധാവികള്‍, സെക്ഷന്‍ അസി.എന്‍ജിനീയര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.