വടകര നഗരസഭയില്‍ ഫിറ്റ്നസില്ലാതെ 54 അങ്കണവാടികള്‍

വടകര: നഗരസഭയില്‍ ആകെയുള്ള 84 അങ്കണവാടികളില്‍ 54 എണ്ണത്തിനും ഫിറ്റ്നസില്ല. ഈ സാഹചര്യത്തില്‍ നഗരസഭാ പരിധിയിലെ അങ്കണവാടികളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സത്വര നടപടി വേണമെന്ന് വടകര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കെ നഗരസഭ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കക്കുഴി വാര്‍ഡിലെ അങ്കണവാടി കെട്ടിടം അപകടാവസ്ഥയിലാണെന്ന് കൗണ്‍സിലര്‍ ടി.പി. മുംതാസ് അറിയിച്ചു. ഇതേതുടര്‍ന്നാണ് നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 84 അങ്കണവാടികളില്‍ 54 എണ്ണത്തിനും ഫിറ്റ്നസില്ളെന്ന് കൗണ്‍സിലര്‍ പി. സഫിയ പറഞ്ഞത്. അങ്കണവാടികളുടെ കെട്ടിടനിര്‍മാണത്തിന് 2007ല്‍ ഫണ്ട് അനുവദിച്ചെങ്കിലും നിര്‍മാണപ്രവൃത്തി എങ്ങുമത്തെിയില്ളെന്ന് പി.എം. മുസ്തഫ പറഞ്ഞു. അങ്കണവാടികളിലെ പാല്‍ വിതരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കണമെന്ന് കൗണ്‍സിലര്‍ പി.പി. രാജീവന്‍ ആവശ്യപ്പെട്ടു. ശോച്യാവസ്ഥയില്‍ അടിയന്തരശ്രദ്ധ നല്‍കണമെന്ന് കൗണ്‍സിലര്‍ ടി.ഐ. നാസറും ആവശ്യപ്പെട്ടു. താഴെ അങ്ങാടി പ്രദേശത്തെ അങ്ങാടിത്തോട്, അരയാക്കിത്തോട് എന്നിവ കരകവിഞ്ഞൊഴുകുന്നതിനാല്‍ പരിസരവാസികള്‍ വലിയ പ്രയാസം അനുഭവിക്കുകയാണെന്ന് എന്‍.പി.എം. നഫ്സല്‍ പറഞ്ഞു. ടെന്‍ഡര്‍ വിളിച്ച് മണ്ണ് ഉടന്‍ നീക്കംചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലവര്‍ഷം തുടങ്ങിയതോടെ ചീനംവീട് വാര്‍ഡിലെ അറുപതോളം വീടുകളുടെ പരിസരങ്ങളില്‍ ചളിവെള്ളം കെട്ടിക്കിടക്കുകയാണെന്ന് എം. ദിനചന്ദ്രന്‍ പറഞ്ഞു. കളരി അക്കാദമിക്കായി വാങ്ങിയ സ്ഥലം മാലിന്യകേന്ദ്രമായി മാറിയതായി എം.പി. അഹമ്മദ് കുറ്റപ്പെടുത്തി. താഴെ അങ്ങാടി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മെറ്റേണിറ്റി സെന്‍ററിന്‍െറ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടിക്ക് ആവശ്യമുന്നയിച്ചിട്ടും ഫലമുണ്ടായില്ളെന്ന് പി.കെ. ജലാല്‍ പറഞ്ഞു. മെറ്റേണിറ്റി സെന്‍ററില്‍ സ്ഥിരമായി ഡോക്ടറെ നിയമിക്കാന്‍ സംവിധാനം ഒരുക്കണം. താഴെ അങ്ങാടി കെ.എസ്.ഇ.ബി ഓഫിസ് പരിസരത്ത് ചളിവെള്ളം കെട്ടിക്കിടക്കുന്നത് ഓഫിസിലത്തെുന്ന നൂറുകണക്കിനാളുകള്‍ക്കും ജീവനക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈസ് ചെയര്‍മാന്‍ കെ.പി. ബിന്ദു, എ. പ്രേമാകുമാരി, പി. അശോകന്‍, ടി. കേളു, കുഞ്ഞിരാമന്‍ ചെറിയകണ്ടിയില്‍, എം.പി. ഗംഗാധരന്‍, സമീറ കുഞ്ഞിപറമ്പത്ത്, എം. ബിജു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അങ്കണവാടികളുടെ കാര്യത്തില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കെ. ശ്രീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം നിലനിന്നതിനാല്‍ ഡ്രെയ്നേജില്‍നിന്ന് മണ്ണ് നീക്കം ചെയ്യുന്നതടക്കമുള്ള പ്രവൃത്തികള്‍ നടത്താനായില്ല. ഇതിനാല്‍തന്നെ കാലവര്‍ഷത്തോടനുബന്ധിച്ചുള്ള മലിനജലപ്രശ്നം രൂക്ഷമായതായും ചെയര്‍മാന്‍ പറഞ്ഞു. മെറ്റേണിറ്റി സെന്‍ററില്‍ എന്‍.ആര്‍.എച്ച്.എം മുഖേന ഡോക്ടറെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കും. ഫുട്പാത്തിലെ കച്ചവടം തടയാനും അനധികൃത മത്സ്യവില്‍പന തടയാനും നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.