സ്കൂളിന് മുന്നില്‍ ബസിടിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്; ബസ് തകര്‍ത്തു

നാദാപുരം: കല്ലാച്ചി പയന്തോങ്ങില്‍ സ്വകാര്യ ബസിടിച്ച് പ്ളസ് ടു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. രോഷാകുലരായ വിദ്യാര്‍ഥികള്‍ ബസ് എറിഞ്ഞ് തകര്‍ക്കുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു. പയന്തോങ്ങിലെ ഹൈടെക് പബ്ളിക് സ്കൂള്‍ പ്ളസ് ടു കോമേഴസ് വിദ്യാര്‍ഥി കാവിലുംപാറ കുണ്ട്തോട് സ്വദേശി ഉണ്ണിത്താങ്കണ്ടിയില്‍ അബ്ദുല്‍ സലാമിന്‍െറ മകന്‍ ഷാമില്‍(17)നാണ് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടേകാലോടെ കോളജിന് മുന്നിലാണ് അപകടം. പരിക്കേറ്റ ഷാമിലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഷാമിലിനെ വടകരയില്‍നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോവുകയായിരുന്ന നവരത്ന ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിക്ക് പരിക്കേറ്റതോടെ രോഷാകുലരായ ഹൈടെക് സ്കൂള്‍ വിദ്യാര്‍ഥികള്‍ ബസിന്‍െറ മുന്‍ പിന്‍ഭാഗങ്ങളിലെ ഗ്ളാസുകള്‍ എറിഞ്ഞ് തകര്‍ക്കുകയും ബസ് ഡ്രൈവര്‍ പാതിരിപ്പറ്റ സ്വദേശി കയനാട്ടത്ത് സജീവന്‍ (45)നെ മര്‍ദിക്കുകയും ചെയ്തു. അക്രമത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സജീവനെ ഓടിച്ചിട്ട് പിടികൂടി മര്‍ദിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു . നാദാപുരത്ത് നിന്ന് സി.ഐ കെ.എസ്. ഷാജി, ജൂനിയര്‍ എസ്.ഐ ബാബു എന്നിവരുടെ നേതൃത്വത്തിലത്തെിയ പൊലീസ് രംഗം ശാന്തമാക്കുകയും ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.