പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിൽ ചിട്ടയോടെയുള്ള പ്രവർത്തനമാണ് ഇരു മുന്നണികളും കാഴ്ചവെക്കുന്നത്. രണ്ട് പതിറ്റാണ്ടായി ഇടതുമുന്നണി ഭരിക്കുന്ന ചക്കിട്ടപ്പാറയിൽ ഇത്തവണ അധികാരം പിടിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുന്ന ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോൾ യു.ഡി.എഫ് പിന്നിലാവുന്ന കാഴ്ചയാണ് കഴിഞ്ഞ നാലു തെരഞ്ഞെടുപ്പിലും കണ്ടത്. കോൺഗ്രസിലെ ഗ്രൂപ് വഴക്കും യു.ഡി.എഫിലെ തമ്മിലടിയും പല തെരഞ്ഞെടുപ്പിലും ഇവർക്ക് പാരയായി. സി.പി.എം ഏരിയാ കമ്മിറ്റി അംഗവും നിലവിലെ പ്രസിഡന്റുമായ കെ. സുനിൽ എന്ന അതികായന്റെ തന്ത്രവും യു.ഡി.എഫ് മോഹങ്ങളെ കരിച്ചു.
2020ലെ തെരഞ്ഞെടുപ്പിൽ 15ൽ 10 സീറ്റ് നേടിയാണ് എൽ.ഡി.എഫ് അധികാരം നിലനിർത്തിയത്. ഇപ്പോൾ 16 വാർഡാണ് നിലവിലുള്ളത്. ഇതിൽ അഞ്ച് വാർഡിൽ എൽ.ഡി.എഫിനും അഞ്ച് വാർഡിൽ യു.ഡി.എഫിനും മുൻതൂക്കമുണ്ട്. ആറ് വാർഡുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഒന്ന്, അഞ്ച്, ഏഴ്, എട്ട്, 15 എൽ.ഡി.എഫ് അനുകൂലവും രണ്ട്, മൂന്ന്, നാല്, 12, 13 യു.ഡി.എഫ് അനുകൂലവുമാണ്. ആറ്, ഒമ്പത്, 10, 11, 14 , 16 കളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും നിലവിലെ 12ാം വാർഡ് മെംബറുമായ ജിതേഷ് മുതുകാട് എത്തിയതോടെ ആറാം വാർഡിൽ മത്സരം കടുത്തു.
ഇവിടെ എൽ.ഡി.എഫ്, ആർ.ജെ.ഡിയിലെ വർഗീസ് കോലത്തു വീട്ടിലിനെയാണ് രംഗത്തിറക്കിയത്. ബി.ജെ.പി സ്ഥാനാർഥി രനീഷ് ആണ്. ജിതേഷ് മുതുകാടിന് ഒരു അപരനുമുണ്ട്. കഴിഞ്ഞ തവണ വാർഡ് ഒമ്പതിൽനിന്ന് മത്സരിച്ച് വിജയിച്ച ബിന്ദു സജിയെ വീണ്ടും മത്സരത്തിനിറക്കിയിരിക്കുകയാണ് എൽ.ഡി.എഫ്. എന്നാൽ, ഏറെ ജനകീയനായ ജോസ് ചെറുവള്ളിലിനെയാണ് വാർഡ് തിരിച്ചുപിടിക്കാൻ യു.ഡി.എഫ് നിയോഗിച്ചത്. ശിവദാസനാണ് ബി.ജെ.പിക്കുവേണ്ടി രംഗത്തുള്ളത്. സി.പി.എം പ്രസിഡന്റ് സ്ഥാനാർഥി സുജാത മനക്കൽ മത്സരിക്കുന്ന 15ാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥി മറ്റൊരു സുജാതയാണ്. പി.ജെ. എലിസബത്തിനെയാണ് കോൺഗ്രസ് പോരിനിറക്കിയത്. വാർഡ് നാലിലെ കോൺഗ്രസ് സ്ഥാനാർഥി ആയിത്തമറ്റത്തിന് രണ്ട് അപരന്മാരുണ്ട്. ഭരണതുടർച്ചക്ക് എൽ.ഡി.എഫും കൈവിട്ടത് തിരിച്ചുപിടിക്കാൻ യു.ഡി.എഫും പഴുതടച്ച പ്രവർത്തനം കാഴ്ചവെക്കുമ്പോൾ ചക്കിട്ടപ്പാറയിൽ തീപാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.