വൃക്കരോഗികളെ സഹായിക്കാനെന്ന പേരില്‍ വ്യാജ പിരിവ്: പിടിയിലായവര്‍ റിമാന്‍ഡില്‍

കൊടുവള്ളി: വൃക്കരോഗികളെ സഹായിക്കാനെന്ന വ്യാജേന നാട്ടുകാരില്‍നിന്ന് പിരിവ് നടത്തുന്ന നാലംഗ സംഘത്തെ കൊടുവള്ളി പൊലീസ് പിടികൂടി. വയനാട് വാഴപ്പിള്ളി ഷാജി (41), മാനന്തവാടി മാടമല ചാക്കോ (37), ചേളന്നൂര്‍ കാനോത്ത് മീത്തല്‍ ജിനോ പോള്‍ (29), പന്നിക്കോട് എരഞ്ഞിമാവ് കൊല്ലിക്കുന്നേല്‍ സെബാസ്റ്റ്യന്‍ (41) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം കൊടുവള്ളി ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് സംഘം പൊലീസിന്‍െറ പിടിയിലാവുന്നത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കൊടുവള്ളി ബസ്സ്റ്റാന്‍ഡില്‍ വാനിലത്തെിയ സംഘം ജീവധാര ജനകീയ ട്രസ്റ്റ് എന്ന പേരില്‍ വൃക്കരോഗികളെ സഹായിക്കാനെന്ന് അനൗണ്‍സ്മെന്‍റ് നടത്തുകയും വ്യാജ കൂപ്പണുകള്‍ ഉപയോഗിച്ച് പണം പിരിക്കുകയുമായിരുന്നു. പെരുമാറ്റത്തിലും മറ്റും സംശയം തോന്നി സംഘത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ പിരിവിനായി പരിചയപ്പെടുത്തിയ ട്രസ്റ്റ് വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇവരില്‍നിന്ന് 6510 രൂപയും കണ്ടെടുത്തു. പ്രധാന അങ്ങാടികളിലും ടൗണുകളിലുമെല്ലാം വാനിലത്തെി മൈക്കിലൂടെ സഹായമഭ്യര്‍ഥിച്ച് പണം പിരിച്ചെടുത്ത് തട്ടിപ്പ് നടത്തുകയാണ് സംഘം ചെയ്യുന്നത്. രോഗികളെ സഹായിക്കാനെന്ന ആവശ്യമായതിനാല്‍ പലരും അകമഴിഞ്ഞ് സഹായിക്കുന്നതില്‍ വലിയ തുകയാണ് ഓരോ ദിവസവും ഇവര്‍ക്ക് ലഭിക്കുന്നത്. പിടിയിലായ ജിനോ പോള്‍ കൊലപാതകക്കേസില്‍ പ്രതിയാണ്. ഇയാള്‍ നിലവില്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നേരിടുകയാണ്. കൊല്ലിക്കുന്നേല്‍ സെബാസ്റ്റ്യന്‍ കേരളത്തിലും കര്‍ണാടകയിലുമായി രണ്ട് പീഡനക്കേസില്‍ പ്രതിയായിരുന്നു. സമാനമായ രീതിയില്‍ വിവിധ സംഘങ്ങള്‍ സഹായങ്ങള്‍ ആവശ്യപ്പെട്ട് വാഹനങ്ങളിലത്തെി പിരിവ് നടത്തിപ്പോവുന്നത് നിത്യസംഭവമാണ്. നേരത്തെയും കൊടുവള്ളി ബസ്സ്റ്റാന്‍ഡില്‍ വ്യാജപിരിവ് നടത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.