കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കാനുള്ള പദ്ധതിയൊരുങ്ങുന്നു. സെന്‍റര്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഇന്‍ ഹെല്‍ത്ത് ഹൈജീന്‍ ആന്‍ഡ് എന്‍വയോണ്‍മെന്‍റ് (സി.ആര്‍.ഡി.എച്ച്.എച്ച്.ഇ) എന്ന സന്നദ്ധസംഘടനയുമായി സഹകരിച്ചാണ് ഉറവിട മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം വ്യാഴാഴ്ച പുതിയ മേയര്‍ നിര്‍വഹിക്കും. തെരഞ്ഞെടുത്ത ആറുവാര്‍ഡുകളിലാണ് പദ്ധതി തുടക്കത്തില്‍ നടപ്പാക്കുക. എയറോബിക് ബിന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാലിന്യ സംസ്കരണ പ്രക്രിയ നടപ്പാക്കുന്നതെന്ന് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അറിയിച്ചു. ദ്വാരങ്ങളുള്ള ചവറ്റുകുട്ടയില്‍ വായു സഞ്ചാരമുള്ള ഒരു ബാഗ് വെച്ച് ഇനോകുലം (മാലിന്യം ദ്രവിക്കാനാവശ്യമായ ബാക്ടീരിയ അടക്കമുള്ളവ) ചേര്‍ത്ത ചകിരിച്ചോറ് ജൈവമാലിന്യങ്ങളുമായി ഇടകലര്‍ത്തിവെക്കുന്നു. 25 ദിവസത്തിനുള്ളില്‍ മാലിന്യം ജൈവവളമായി മാറും. ഓരോ വീടുകളിലും ഈ പദ്ധതി നടപ്പാക്കും. ഇങ്ങനെ ലഭിക്കുന്ന വളം വീട്ടുകാര്‍ക്ക് ജൈവകൃഷി ചെയ്യാനുപയോഗിക്കുകയോ, കോര്‍പറേഷന് ശേഖരിക്കുകയോ ചെയ്യാം. മാലിന്യ സംസ്കരണത്തിനുപയോഗിക്കാനുള്ള ഇനോകുലം ലഭ്യമാക്കാനായി ഓരോ വീട്ടുകാരില്‍നിന്നും പ്രതിമാസം 200 രൂപ ഈടാക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഓരോ വാര്‍ഡിലും മാലിന്യസംസ്കരണ പ്രക്രിയ വിലയിരുത്തുന്നതിനും സഹായനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നതിനുമായി നിരീക്ഷകരെ നിയമിക്കും. 300 വീടിന് ഒരാള്‍ എന്ന തോതിലാണ് ഇവരെ നിയമിക്കുക. ഇവര്‍ ഒരു ദിവസം പദ്ധതിയിലുള്‍പ്പെട്ട 50 വീടുകള്‍ സന്ദര്‍ശിക്കും. ഇങ്ങനെ ഒരാഴ്ച കൊണ്ട് 300 വീടുകള്‍ സന്ദര്‍ശിച്ച് പരിശോധനയും മേല്‍നോട്ടവും നടത്തും. അടുത്ത ആഴ്ച ആദ്യം സന്ദര്‍ശിച്ച വീടുകളില്‍തന്നെ വീണ്ടും സന്ദര്‍ശിക്കും. പദ്ധതിക്കാവശ്യമായ 200 രൂപ ശേഖരിക്കുന്നതും ഇവരാണ്. ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതോടൊപ്പം പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിക്കാനാണ് തീരുമാനം. ഓരോ വീട്ടുകാര്‍ക്കും ആവശ്യമായ ജൈവമാലിന്യം സ്വന്തം വീട്ടില്‍ത്തന്നെ ഉല്‍പാദിപ്പിക്കും. അതോടൊപ്പം കോര്‍പറേഷനിലെ വീടുകള്‍ മാലിന്യമുക്തമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. തിരുത്തിയാട്, നടക്കാവ്, ചക്കോരത്തുകുളം, അത്താണിക്കല്‍, കാരപ്പറമ്പ്, എരഞ്ഞിപ്പാലം എന്നീ വാര്‍ഡുകളിലാണ് തുടക്കം. പദ്ധതി വിജയിക്കുന്നതിനനുസരിച്ച് മറ്റുവാര്‍ഡുകളിലേക്കും വ്യാപിപ്പിക്കും. വ്യാഴാഴ്ച വൈകുന്നേരം നാലിന് അശോകപുരം ഇന്ത്യന്‍ ഡന്‍റല്‍ അസോസിയേഷന്‍ ഹാളില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.