കോണ്‍ഗ്രസ്, ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്

കൊടുവള്ളി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാഥിയുടെ പരാജയത്തിനിടയാക്കുംവിധം കിഴക്കോത്ത് പഞ്ചായത്തില്‍ ഉണ്ടായ വോട്ട് ചോര്‍ച്ച ലീഗ്, കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ പിടിപ്പുകേട് മൂലമെന്ന വിമര്‍ശനവുമായ് കിഴക്കോത്ത് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി. അണികളെ വിശ്വാസത്തിലെടുത്ത് പാര്‍ട്ടികളെ ഒരുമയോടെ നയിക്കേണ്ട നേതാക്കളുടെ കഴിവില്ലായ്മയും മുന്നണി സംവിധാനത്തില്‍ മുസ്ലിംലീഗ് നേതൃത്വത്തിന്‍െറ വല്യേട്ടന്‍ മനോഭാവത്തോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാതെ പോയതും കോണ്‍ഗ്രസിന്‍േറതടക്കം വോട്ടുകള്‍ ചിന്നിച്ചിതറാന്‍ കാരണമായതായി യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാഥിയെ പരാജയപ്പെടുത്താന്‍ വാര്‍ഡില്‍ സ്വതന്ത്രയായി മത്സരിച്ചയാളെ ലീഗ് നേതൃത്വം പിന്തുണ നല്‍കി വിജയിപ്പിച്ചു. ഭരണസമിതിയില്‍ ഇയാളുടെ പിന്തുണ ഉറപ്പിക്കുകയാണ് പിന്നീട് ലീഗ് ചെയ്തത്. ഇതിനെതിരെ പ്രതികരിക്കാനോ മുന്നണി യോഗത്തില്‍ ഉന്നയിക്കാനോ കഴിയാതെ കോണ്‍ഗ്രസ് നേതൃത്വം നിസ്സഹായരായിനിന്നു. സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനുള്ള ചില നേതാക്കളുടെ സ്വാര്‍ഥതയും തോല്‍വിക്ക് ആക്കം കൂട്ടിയെന്ന് യോഗം വിലയിരുത്തി. പ്രസിഡന്‍റ് കെ. അസ്സയിന്‍ അധ്യക്ഷതവഹിച്ചു. ഷാജിര്‍, അസ്ലം, ജൗഹര്‍ ആവിലോറ, എന്‍.കെ. അബ്ദുല്‍ ബാരി, ഫാസില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.