കോഴിക്കോട്: മാവൂര്‍ റോഡില്‍ മലിനജലം ഉയര്‍ന്ന് ജനം പൊറുതിമുട്ടുമ്പോള്‍ ഓട നന്നാക്കേണ്ടത് കോര്‍പറേഷനോ പൊതുമരാമത്ത് വകുപ്പോ എന്ന് തര്‍ക്കം. റോഡിലെ മലിനജലം അടുത്ത പ്രദേശങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും കയറുന്നത് രോഗഭീഷണിയും ഉയര്‍ത്തുന്നുണ്ട്. മാവൂര്‍ റോഡിലെ ഇരുഭാഗത്തെയും ഓടകള്‍ വര്‍ഷങ്ങളായി വൃത്തിയാക്കാത്തതാണ് വെള്ളം ഒഴുകിപ്പോകാതിരിക്കാന്‍ പ്രധാന കാരണം. ഇത് വൃത്തിയാക്കേണ്ടത് ആരാണ് എന്നതാണ് തര്‍ക്കം. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ മുതല്‍ സിഗ്നല്‍ ജങ്ഷന്‍ വരെയുള്ള മുന്നൂറോളം മീറ്റര്‍ ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷം. അഴകൊടിക്ഷേത്രം ഭാഗത്തെ കെ.എസ്.യു.ഡി.പിയുടെ അഴുക്കുചാല്‍, ശ്മശാനം ഭാഗത്തേക്കുള്ള റോഡ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് മറ്റൊരു പ്രശ്നം. ഇതോടെ മാവൂര്‍റോഡ് സിഗ്നല്‍ ജങ്ഷനില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. കനോലി കനാലിന്‍െറ കല്ലായി അഴിമുഖത്തെ ചളി നീക്കാത്തിനാല്‍ വെള്ളം ഒഴുകാത്തതും പ്രശ്നമാണ്. സിഗ്നല്‍ ജങ്ഷനിലെ കെ.എസ്.യു.ഡി.പി ഓവുചാല്‍ മാവൂര്‍ റോഡിലെ വെള്ളക്കെട്ടിന് വലിയതോതില്‍ പരിഹാരമാവുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. ശ്രീകണ്ഠേശ്വര ക്ഷേത്രം ഭാഗത്ത് നിന്നുള്ള ഓടയാണ് സിഗ്നല്‍ ജങ്ഷനില്‍ എത്തുന്നത്. എന്നാല്‍, മാവൂര്‍റോഡില്‍നിന്നും സമീപഭാഗങ്ങളില്‍നിന്നും എത്തുന്ന വെള്ളം ഓടയിലൂടെ ഒഴുകാതെ റോഡില്‍ പരക്കുകയാണ്. റോഡിലെ ഇരുഭാഗത്തെയും ഓടകള്‍ നന്നാക്കിയിട്ട് വര്‍ഷങ്ങളായി. ഇതുകാരണം, അടിയില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യത്തില്‍ തടഞ്ഞാണ് വെള്ളം റോഡിലേക്ക് ഒഴുകുന്നത്. ഓടകളുടെ നടുവില്‍ കേബ്ള്‍ ലൈനുകള്‍ ഉള്ളതിനാല്‍ ചപ്പുചവറുകള്‍ ഇവയില്‍ തടഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. വെള്ളക്കെട്ട് പ്രശ്നം സംബന്ധിച്ച്, കഴിഞ്ഞദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന മഴക്കാലപൂര്‍വ ശുചീകരണ അവലോകനയോഗത്തില്‍ ചര്‍ച്ചയായിരുന്നെങ്കിലും കൃത്യമായ തീരുമാനമായില്ല. പ്രശ്നം പരിഹരിക്കണമെന്ന് മന്ത്രിയും കോര്‍പറേഷന്‍ അധികൃതരും പറയുന്നുണ്ടെങ്കിലും ആരും മുന്നിട്ടിറങ്ങാത്തതാണ് പ്രശ്നം. 300 മീറ്ററോളമുള്ള ഭാഗം നന്നാക്കണമെങ്കില്‍ വന്‍തുക വേണ്ടിവരും. ഇത് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ ഫണ്ടില്‍നിന്ന് മാത്രം എടുത്ത് പൂര്‍ത്തിയാക്കാനാവില്ല. അതിനാല്‍ കൂട്ടായ പദ്ധതി വേണമെന്നാണ് ആവശ്യം. അതേസമയം, റോഡിലൂടെ ഒഴുകുന്നത് മലമല്ളെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കാലങ്ങളായി ഓടയില്‍കിടന്ന മാലിന്യമാണ് കുഴമ്പുരൂപത്തില്‍ ഒഴുകുന്നത്. ഇത് രൂക്ഷമായ ഗന്ധത്തിനും ഇടയാക്കുന്നു. ഓടയിലൂടെതന്നെ മലിനജലം ഒഴുകുന്ന സംവിധാനം വന്നാലേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ എന്നും ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.