കോഴിക്കോട്: ഭരണമാറ്റത്തോടെ സംസ്ഥാന പൊലീസ് നേതൃത്വത്തില്‍ തുടങ്ങിയ അഴിച്ചുപണിയുടെ തുടര്‍ച്ച ജില്ലയിലെയും പൊലീസ് അസോസിയേഷന്‍ ഭാരവാഹികളിലേക്ക് നീളാന്‍ സാധ്യത. പൊലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജി. അജിത്തിനെ ട്രാഫിക് ഡ്യൂട്ടിയിലേക്ക് മാറ്റിയതോടെയാണ് നടപടി ജില്ലാതലങ്ങളിലും ഉടനുണ്ടാകുമെന്ന സൂചന നല്‍കുന്നത്. ഇതുസംബന്ധിച്ച് സേനക്കുള്ളില്‍ മുറുമുറുപ്പ് തുടങ്ങി. സംഘടനാപ്രവര്‍ത്തനത്തിന്‍െറ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും യൂനിഫോം ഇടാതിരുന്നയാളാണ് അദ്ദേഹം. ഇത് ചോദ്യംചെയ്തതിന് ഭരണസ്വാധീനമുപയോഗിച്ച് തിരുവനന്തപുരം ഡി.സി.പിയായിരുന്ന അജീതാബീഗത്തെ സ്ഥലംമാറ്റിയതും വിവാദമായിരുന്നു. സേനയിലിരിക്കെ എന്‍.എസ്.എസ് കരയോഗം ഭാരവാഹിയായതും അജിത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമാണ്. അടുത്ത ജൂലൈയില്‍ നടക്കുന്ന അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ അനുകൂലവിഭാഗത്തിന് നേതൃപദവി ലഭിച്ചാല്‍ ജില്ലയിലുള്‍പ്പെടെ നിലവിലെ ഭാരവാഹികളില്‍ പലര്‍ക്കും നടപടി നേരിടേണ്ടിവരുമെന്നാണ് സൂചന. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സേനയിലെ യു.ഡി.എഫ് അനുകൂലവിഭാഗമായിരുന്നു അസോസിയേഷന്‍െറ തലപ്പത്ത്. സരിത കേസില്‍ ആരോപണവിധേയനായ നിലവിലെ സംസ്ഥാന സെക്രട്ടറിക്കെതിരെ മറ്റുപല ആരാപണങ്ങളും ഉയര്‍ന്നിരുന്നു. പൊലീസ് അക്കാദമിയിലെ പ്രിന്‍സിപ്പലിനെ കൈയേറ്റംചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യു.ഡി.എഫ് ഭരണത്തിന്‍െറ തണലിലാണ് ഇതെല്ലാമെന്നാണ് സേനയിലെ എല്‍.ഡി.എഫ് അനുകൂലവിഭാഗം ചൂണ്ടിക്കാട്ടുന്നത്. വാട്സ്ആപ് വിവാദത്തില്‍പെട്ട് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എ.പി. ഷാജി ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ച അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. സിറ്റി പൊലീസ് അസോസിയേഷന്‍ ഭാരവാഹികളായ ആറുപേര്‍ക്കെതിരേ അന്നത്തെ സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍, എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് മുക്കിയെന്നുമാത്രമല്ല, കമീഷണറെ സ്ഥലംമാറ്റി പ്രതികാരം തീര്‍ക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ഡി.ഐ.ജി പി. വിജയനെയടക്കം ഉയര്‍ന്ന ഉദ്യോഗസ്ഥരെ പ്രസംഗത്തിലും ലേഖനം, പ്രമേയം എന്നിവ മുഖേനയും അപകീര്‍ത്തിപ്പെടുത്തിയ അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ കര്‍ശന അച്ചടക്കനടപടി ശിപാര്‍ശ ചെയ്താണ് കമീഷണര്‍ റിപ്പോര്‍ട്ടയച്ചത്. പ്രകോപനപരമായ പ്രസംഗത്തിന്‍െറ വിഡിയോയും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിരുന്നു. തെറ്റുചെയ്തവര്‍ക്കെതിരെ അച്ചടക്കനടപടി ഉണ്ടാവുമെന്നാണ് ഇടതനുകൂല പൊലീസുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.