വടകരയിലെ ‘കുരുക്ക്’ അഴിയുന്നില്ല

വടകര: അഴിയാത്ത ഗതാഗതക്കുരുക്കിനെ കുറിച്ചാണ് വടകരക്കു പറയാനുള്ളത്. ആസൂത്രണം ചെയ്ത പദ്ധതികളൊക്കെ ആവിഷ്കരിച്ച് വരുമ്പോഴേക്കും പുതിയ കുരുക്കുകള്‍ വന്നുപെടുന്നതാണ് അനുഭവം. ട്രാഫിക് വിഭാഗത്തിന്‍െറ പരിഷ്കരണങ്ങളെല്ലാം പാളുകയാണ്. മൂന്നു പതിറ്റാണ്ട് മുമ്പ് ആവിഷ്കരിച്ച വടകര ലിങ്ക് റോഡ് ഇതിന്‍െറ മികച്ച ഉദാഹരണമാണ്. പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലിങ്ക് റോഡ് നിര്‍മിച്ചപ്പോള്‍ വണ്‍വേ അടിസ്ഥാനത്തിലാണ് തുറന്നുകൊടുത്തത്. ദേശീയപാതയിലെ കുരുക്കഴിക്കാന്‍ വടകരയില്‍ ബൈപാസ് വന്നിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍, ബൈപാസിനും വടകരയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ കഴിയാതെവന്നു. ദിനംപ്രതി കുരുക്ക് മുറുകുകയാണ് വടകര ബൈപാസില്‍. പഴയ ദേശീയപാത വടകര പഴയസ്റ്റാന്‍ഡ് പരിസരത്തുകൂടിയാണ് കടന്നുപോകുന്നത്. ഇവിടത്തെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് ബൈപാസ് എന്ന ആശയം കൊണ്ടുവന്നത്. കരിമ്പനപ്പാലത്തുനിന്ന് പെരുവാട്ടുംതാഴയില്‍ അവസാനിക്കുന്ന ബൈപാസ് 1979ലാണ് ഉദ്ഘാടനം ചെയ്തത്. ബൈപാസ് ഏതാനും വര്‍ഷം മുമ്പുവരെ സുഗമമായി സഞ്ചരിക്കാനാവുന്ന പാതയായിരുന്നു. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയും കവലകളുടെ എണ്ണം കൂടുകയും ചെയ്തതോടെ കുരുക്കും മുറുകി. കരിമ്പനപ്പാലം മുതല്‍ പെരുവാട്ടുംതാഴ വരെയുള്ള ദൂരത്തില്‍ മാത്രം ആറ് ജങ്ഷനുകളാണുള്ളത്. ബൈപാസിലേക്ക് വന്നുചേരുന്ന റോഡുകളാകട്ടെ 25ഓളം വരും. മാത്രമല്ല, മൂന്നിടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമുണ്ട്. ഇതെല്ലാമാകുമ്പോള്‍ തിരക്കൊഴിഞ്ഞ നേരമില്ല. നേരത്തേ രാവിലെയും ഉച്ചക്കും വൈകുന്നേരവും മാത്രമായിരുന്നു തിരക്ക് കൂടുതല്‍. ഇപ്പോള്‍ എല്ലാസമയവും തിരക്കാണ്. ചിലസമയങ്ങളില്‍ പത്തും ഇരുപതും മിനിറ്റുവരെ ഗതാഗതക്കുരുക്കുണ്ടാകും. ഇതുണ്ടാക്കുന്ന പ്രയാസം ചെറുതല്ല. പുതിയസ്റ്റാന്‍ഡിന് സമീപത്തെ ട്രാഫിക് സിഗ്നല്‍ കടന്നാല്‍ അടുത്ത സിഗ്നല്‍ അടക്കാത്തെരു ജങ്ഷനിലാണ്. ഇതിന് മുമ്പായി ഇടതടവില്ലാതെ വാഹനങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന നാല് പ്രധാനറോഡുകളുണ്ട്. ലിങ്ക് റോഡിന്‍െറ കവാടവും ദേശീയപാതയിലേക്കാണ്. ഇവിടം ഗതാഗതക്കുരുക്കിന്‍െറ കേന്ദ്രമായതിനാല്‍ ദേശീയപാതയില്‍ യു ടേണ്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ലിങ്ക് റോഡ് വഴി വരുന്ന വാഹനങ്ങള്‍ ദേശീയപാതയിലേക്ക് കയറണമെങ്കില്‍ ഏറെനേരം കാത്തിരിക്കണം. കുതിച്ചുവരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വേണം ദേശീയപാതയിലേക്ക് കടക്കാന്‍. എസ്.ജി.എം എസ്.ബി. സ്കൂളിന് സമീപത്തുള്ള റോഡിലൂടെ ദേശീയപാതയിലേക്ക് കയറുന്ന വാഹനങ്ങളുടെ അവസ്ഥയും ഇതുതന്നെ. അടക്കാത്തെരു ജങ്ഷനിലെ ട്രാഫിക് സിഗ്നലില്‍ കാത്തിരിക്കുന്ന വാഹനങ്ങള്‍ക്കിടിയിലേക്കാണ് ഇവ ചെന്നുകയറേണ്ടത്. തലങ്ങും വിലങ്ങുമായി വാഹനങ്ങള്‍ കടക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് ഇവിടെ. ഇതുണ്ടാക്കുന്ന അപകടഭീഷണി ചെറുതല്ല. പഴങ്കാവ് റോഡ് ജങ്ഷനാണ് മറ്റൊരു പ്രധാനകേന്ദ്രം. മാര്‍ക്കറ്റ് റോഡ്-ചോളംവയല്‍ വഴി ദേശീയപാത കടന്ന് പഴങ്കാവിലേക്ക് പോകേണ്ട വാഹനങ്ങള്‍ ദേശീയപാതയില്‍ തിരക്കൊഴിയുന്നത് കാത്തിരിക്കണം. ജീവന്‍ പണയംവെച്ചുള്ള റോഡ് മുറിച്ചുകടക്കലാണ് ഈ ഭാഗങ്ങളില്‍. ചെറിയ റോഡുകളില്‍നിന്ന് ദേശീയപാതയിലേക്ക് കയറുന്ന വാഹനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.