ദുരിതക്കടലില്‍ അമ്മയും മകനും; താങ്ങാകാന്‍ ഗ്രാമം കൈകോര്‍ക്കുന്നു

ഉള്ള്യേരി: നാഡികള്‍ തളര്‍ന്ന് വിറയല്‍ രോഗം ബാധിച്ച് ആറു വര്‍ഷമായി ദുരിതമനുഭവിക്കുന്ന ഉള്ള്യേരി അരുമ്പമലയില്‍ വിശ്വന്‍െറ ചികിത്സക്കും സൗകര്യപ്രദമായ സ്ഥലത്ത് പുതിയൊരു വീട് നിര്‍മിച്ചു നല്‍കുന്നതിനുമായി നാട് ഒത്തൊരുമിക്കുന്നു. 11 വര്‍ഷം മുമ്പുണ്ടായ വാഹനാപകടമാണ് വിശ്വന്‍െറ ജീവിതം മാറ്റിമറിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സ ഫലം കാണാതെ വന്നപ്പോള്‍ അമ്മ സാവിത്രി മലമുകളിലെ ഒറ്റമുറി വീട്ടില്‍ മകനുമായി ഒതുങ്ങിക്കൂടുകയായിരുന്നു.ചെങ്കുത്തായ മലയിറങ്ങി വിശ്വനെ ഡോക്ടറെ കാണിക്കണമെങ്കില്‍ മൂന്നും നാലും പേര്‍ ചേര്‍ന്ന് എടുത്തുകൊണ്ടുപോകണം. കക്കൂസ് പോലും ഇല്ലാത്ത വീട്ടില്‍ മകന് താങ്ങായി കാലിനു സ്വാധീനമില്ലാത്ത അമ്മയാണ് എല്ലാം ചെയ്തുകൊടുക്കുന്നത്. വിശ്വന്‍െറ ദുരിതജീവിതം പൊതുപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം ഉള്ള്യേരിയില്‍ ഗ്രാമപഞ്ചായത് പ്രസിഡന്‍റ് ഷാജു ചെറുക്കാവിലിന്‍െറ അധ്യക്ഷതയില്‍ യോഗം വിളിച്ചു ചേര്‍ക്കുകയും ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ വയനാട്ടിലെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടുപോവുകയും ചികിത്സ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഫേസ്ബുക് വഴിയും വാട്സ്ആപ് കൂട്ടായ്മകള്‍ വഴിയും വിവരം അറിഞ്ഞ വിശ്വന്‍െറ സഹപാഠികളും നാട്ടുകാരും പ്രവാസികളും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 11ന് ഉള്ള്യേരി ടൗണിലെ ഓട്ടോകള്‍ വിശ്വനു വേണ്ടി സര്‍വിസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സക്കും കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുന്നതിനും വേണ്ടി കമ്മിറ്റി ഫെഡറല്‍ ബാങ്കിന്‍െറ ഉള്ള്യേരി ശാഖയില്‍ 19020100077269 നമ്പറില്‍ IFSC.CODE.FDRL0001902) അക്കൗണ്ട് തുറന്നിട്ടുണ്ട്. സുമനസ്സുകളുടെ സഹായങ്ങള്‍ എത്തിക്കണമെന്ന് ചെയര്‍മാന്‍ പി. വിജയകുമാര്‍, കണ്‍വീനര്‍ കെ.കെ. സുരേഷ്, ട്രഷറര്‍ അച്യുതന്‍ നമ്പ്യാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: 9447218736.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.