കേരളം ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമാവും –മന്ത്രി

കോഴിക്കോട്: 2017 മാര്‍ച്ച് 15ന് കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിക്കാനായി ആഗസ്റ്റ് മുതല്‍ തീവ്രയജ്ഞ പരിപാടി ആരംഭിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത എം.എല്‍.എമാര്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ ലക്ഷ്യം നേടാനായി സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ മന്ത്രി വിശദീകരിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്‍െറ ഭാഗമായി ജില്ലാതലങ്ങളില്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ ആദ്യത്തേതായിരുന്നു ശനിയാഴ്ച കോഴിക്കോട്ട് നടന്നത്. സംസ്ഥാനത്ത് ഇനിയും രണ്ടര ലക്ഷത്തോളം വീടുകള്‍ വൈദ്യുതീകരിക്കാനുണ്ടെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് സമ്പൂര്‍ണ വൈദ്യുതീകരണയജ്ഞം നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. വൈദ്യുതീകരിക്കാത്ത വീടുകള്‍ കണ്ടത്തൊന്‍ വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെംബര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ-സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ അന്വേഷണം നടത്തും. പ്രവര്‍ത്തന പുരോഗതി വിലയിരുത്താനായി കോഴിക്കോട്ട് ജില്ലാതലത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ചെയര്‍മാന്‍, ജില്ലാ കലക്ടര്‍ കണ്‍വീനര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ അംഗങ്ങള്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വര്‍ക്കിങ് കണ്‍വീനര്‍ എന്നിവരടങ്ങിയ കമ്മിറ്റി രൂപവത്കരിക്കും. മറ്റു ജില്ലകളിലും സമാന കമ്മിറ്റികളുണ്ടാക്കും. ജില്ലാടിസ്ഥാനത്തില്‍ എം.എല്‍.എ ചെയര്‍മാനായും ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ചെയര്‍മാന്മാരായും കോര്‍പറേഷന്‍-മുനിസിപ്പാലിറ്റികളില്‍ സെക്ഷന്‍ ഓഫിസ് തലത്തില്‍ ബന്ധപ്പെട്ട കണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയും കമ്മിറ്റികള്‍ രൂപവത്കരിക്കും. ഒരാഴ്ചക്കകം നിയമസഭാ മണ്ഡലംതല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഈ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിനകം വൈദ്യുതീകരിക്കാത്ത വീടുകളുടെ കരട് ലിസ്റ്റ് വൈദ്യുതി സെക്ഷന്‍ ഓഫിസുകളില്‍ പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 20നകം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 25നകം വൈദ്യുതീകരണം നടത്താനുളള ചെലവ് തിട്ടപ്പെടുത്തും. വൈദ്യുതി ലൈന്‍ വലിക്കാനാവാത്ത വനപ്രദേശം പോലുള്ള സ്ഥലങ്ങളില്‍ സൗരോര്‍ജ സംവിധാനം ഏര്‍പ്പെടുത്തിയാവും വൈദ്യുതീകരണം നടത്തുക. 2015 മാര്‍ച്ച് ഒന്നു മുതല്‍ 14 വരെ സംസ്ഥാനത്തെ 14 ജില്ലകളില്‍ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ല പ്രഖ്യാപനങ്ങള്‍ നടത്തും. ഇതിനുമുമ്പ് നിയമസഭാ നിയോജക മണ്ഡലം തലങ്ങളില്‍ എം.എല്‍.എമാര്‍ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡല പ്രഖ്യാപനം നടത്തും. 2017 മാര്‍ച്ച് 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. ലക്ഷ്യം നേടാന്‍ വലിയ സാമ്പത്തിക ബാധ്യതയൊന്നും പ്രതീക്ഷിക്കുന്നില്ളെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പട്ടികജാതി-വര്‍ഗ ക്ഷേമ വകുപ്പ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നുള്ള പണം ഉപയോഗപ്പെടുത്താം. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തിയുള്ള ജനകീയ പ്രസ്ഥാനമായി മാറ്റി ഈ സ്വപ്നം സാക്ഷാത്കരിക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം -മന്ത്രി പറഞ്ഞു. യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ കെ. ദാസന്‍, വി.കെ.സി. മമ്മദ്കോയ, എ. പ്രദീപ്കുമാര്‍, ഡോ. എം.കെ. മുനീര്‍, ഇ.കെ. വിജയന്‍, പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുല്ല, കാരാട്ട് റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.