മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി വിവിധ സംഘടനകള്‍: പ്രതിഷേധം വ്യാപകം

കോഴിക്കോട്: ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കൈയേറ്റം ചെയ്തതില്‍ വ്യാപക പ്രതിഷേധം. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പൊലീസിന്‍െറ ധിക്കാരപരമായ നടപടിക്കെതിരെയും നിരവധി സംഘടനകള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ ധര്‍ണ നടത്തി. പൊലീസ് സ്റ്റേഷനകത്ത്, ടൗണ്‍ എസ്.ഐ വിമോദിനെതിരെ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ സമരം ചെയ്തപ്പോള്‍ ഗേറ്റിനു പുറത്ത് വിവിധ സംഘടനകളും ധര്‍ണ നടത്തി. യൂത്ത് കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, യുവമോര്‍ച്ച തുടങ്ങിയ സംഘടനകളാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സ്റ്റേഷനുമുന്നിലത്തെിയത്. എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉച്ചക്ക് മാധ്യമപ്രവര്‍ത്തകര്‍ കമീഷണര്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയപ്പോഴും നിരവധി സംഘടനകള്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുകയും മാധ്യമപ്രവര്‍ത്തകരെ അന്യായമായി തടങ്കലില്‍ വെക്കുകയും ചെയ്ത എസ്.ഐക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ നാളുകളായി മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പ്രസിഡന്‍റ് അസ്ലം ചെറുവാടി പറഞ്ഞു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെ തടയുകയും പ്രതിഷേധിച്ചവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത് നീചമായ നടപടിയാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്‍റ് മുസ്തഫ കൊമ്മേരി പറഞ്ഞു. കമീഷനര്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ അവഗണിക്കുന്നത് തെറ്റായ നീക്കമാണ്. കോഴിക്കോട് സംഭവത്തില്‍ പൊലീസ് കമീഷണര്‍ പറയുന്നതും ജില്ലാ ജഡ്ജി പറയുന്നതും പരസ്പരവിരുദ്ധമാണെന്നും മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത ടൗണ്‍ എസ്.ഐക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിന്‍െറ കാവല്‍ഭടന്മാരായ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസ് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ഹിന്ദ് മസ്ദൂര്‍ സഭ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ആഭ്യന്തര വകുപ്പിന് അപമാനകരമായ കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ തടഞ്ഞതും പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതും പ്രതിഷേധാര്‍ഹമായ നടപടിയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എച്ച്. നാസര്‍ പറഞ്ഞു. ഭരണഘടനാവകാശങ്ങള്‍ പരിരക്ഷിക്കേണ്ട ജുഡീഷ്യറിയുടെ ഭാഗമായ കോടതികളും അഭിഭാഷകരും പൊലീസും മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ റദ്ദു ചെയ്യാനുള്ള ഏതൊരു നീക്കവും ഫാഷിസ്റ്റ് നടപടിയായേ കാണാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ മാധ്യമ അടിയന്തരാവസ്ഥ അവസാനിപ്പിക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്‍റ് പ്രബീഷ് മാറാട്, ബബീഷ് ഉണ്ണികുളം, റിനീഷ്, ടി. നിവേദ്, രാഗേഷ്, രിജിന്‍, അനൂപ്, ശാലു, വിനോദ് കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് കേസെടുത്ത പൊലീസ് നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ആര്‍.എം.പി സംസ്ഥാന നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നെങ്കിലും കോഴിക്കോട് ഇതുവരെ ഉണ്ടായില്ല. അനിഷ്ട സംഭവങ്ങള്‍ക്ക് കാരണക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പൂര്‍ണപിന്തുണ നല്‍കുന്നതായും ആര്‍.എം.പി സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍. സന്തോഷും സെക്രട്ടറി എന്‍. വേണുവും പറഞ്ഞു. കമീഷനര്‍ ഓഫിസിനുമുന്നില്‍ നടത്തിയ പ്രകടനത്തിന് സംസ്ഥാന കമ്മിറ്റി അംഗം എന്‍. സ്മിത, ജിജിത്ത് സോമന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. കുഞ്ഞികണാരന്‍, കെ.പി. പ്രകാശന്‍, ടി. പ്രേമാനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി. കൈയേറ്റത്തില്‍ മുസ്ലിം എജുക്കേഷനല്‍ ആന്‍ഡ് റിലീഫ് സൊസൈറ്റി ചാലിക്കര പ്രതിഷേധിച്ചു. കെ.പി. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദ്, വി.വി.കെ. തറുവയി ഹാജി, പി. സുലൈമാന്‍, പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.