തിരുവമ്പാടിയില്‍ അന്തര്‍ജില്ലാ മോഷ്ടാവ് അറസ്റ്റില്‍

തിരുവമ്പാടി: തിരുവമ്പാടിയില്‍ അന്തര്‍ജില്ലാ മോഷ്ടാവ് പൊലീസ് പിടിയിലായി. വയനാട് കല്‍പറ്റ കോട്ടത്തറ സ്വദേശി തൊമ്മന്‍വളപ്പില്‍ ഹംസയെയാണ് (35) തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രഭണ്ഡാരങ്ങളും കോവിലകങ്ങളും കുത്തിത്തുറക്കല്‍, വാഹന മോഷണം, കടകള്‍ കുത്തിത്തുറക്കല്‍ എന്നിവ തൊഴിലാക്കിയ 30ഓളം മോഷണക്കേസുകളിലെ പ്രതിയാണ്. ബുധനാഴ്ച രാത്രി മൂന്നു മണിയോടെ വാഹനപരിശോധനക്കിടെയാണ് മോഷ്ടിച്ച ബൈക്കുമായി ഇയാള്‍ പിടിയിലായത്. താമരശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാറിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. നിരവധി കേസുകളില്‍ മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പഴയ സാധനങ്ങള്‍ മോഷ്ടിച്ച് വില്‍പന നടത്തിയാണ് ഹംസ കവര്‍ച്ച തുടങ്ങിയത്. രണ്ടു തവണകളിലായി തിരൂര്‍ സബ്ജയിലില്‍ ഒമ്പതു മാസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടേമുക്കാല്‍ വര്‍ഷവും ശിക്ഷയനുഭവിച്ചിട്ടുണ്ട്. പാലക്കാട് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോള്‍ ഷൊര്‍ണൂരില്‍ വെച്ച് ട്രെയിനില്‍നിന്ന് ചാടി ഒരു തവണ രക്ഷപ്പെട്ടിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തൃത്താല, ആലത്തൂര്‍, ചാലിശ്ശേരി, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി, മുണ്ടൂര്‍ സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ അരീക്കോട്, മഞ്ചേരി, എടവണ്ണപ്പാറ, വളാഞ്ചേരി സ്റ്റേഷനുകളിലും തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി സ്റ്റേഷനുകളിലും കോഴിക്കോട് സിറ്റി, മാവൂര്‍, മെഡിക്കല്‍ കോളജ്, കുന്ദമംഗലം, മുക്കം എന്നീ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. തിരുവമ്പാടി എസ്.ഐ എം. സനല്‍രാജ്, എസ്.ഐ മോഹന്‍ദാസ്, എസ്.ഐ അഗസ്റ്റിന്‍, എ.എസ്.ഐ സുരേഷ്, സി.പി.ഒ രഞ്ജിത്ത്, സീനിയര്‍ സി.പി.ഒ സാജു, ജോസഫ് മാത്യു, സ്വപ്ന, ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ ഷിബില്‍ ജോസഫ്, റഷീദ്, ബിജു എന്നിവരടങ്ങിയ സംഘമാണ് ഹംസയെ പിടികൂടിയത്. ഇയാളുടെ ഭാര്യാപിതാവ് സലീം കുപ്രസിദ്ധ മോഷ്ടാവാണെന്നും ഇയാളുടെ കൂടെയാണ് മോഷണം നടത്താറുള്ളതെന്നും പൊലീസ് പറഞ്ഞു. സലീമിനായി പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.