പകര്‍ച്ചവ്യാധികള്‍ പടരുന്നു: കുന്നുമ്മല്‍ ഹെല്‍ത്ത് സെന്‍ററില്‍ ഞായറാഴ്ച ചികിത്സയില്ല

കക്കട്ടില്‍: നാട്ടിന്‍പുറങ്ങളിലടക്കം പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ കുന്നുമ്മല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ ഞായറാഴ്ച അടഞ്ഞുതന്നെ. മലയോര മേഖലയിലെ നിരവധി രോഗികള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന ആശുപത്രിയാണ് ഞായറാഴ്ച അടഞ്ഞുകിടക്കുന്നത്. മഴക്കാലമായതോടെയാണ് പകര്‍ച്ചപ്പനി വ്യാപിച്ചത്. ഞായറാഴ്ചകളില്‍ ഹോസ്പിറ്റല്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന ആരോഗ്യവകുപ്പിന്‍െറ പ്രത്യേക നിര്‍ദേശമുള്ളപ്പോഴാണ് ഈ ആശുപത്രി അടഞ്ഞുകിടക്കുന്നത്. കുന്നുമ്മല്‍ ബ്ളോക് പഞ്ചായത്തിനു കീഴില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററാക്കി ഉയര്‍ത്തിയിട്ടും ആശുപത്രിയില്‍ ആവശ്യത്തിന് ചികിത്സ ലഭിക്കാത്തതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്. കഴിഞ്ഞ മാസം വരെ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ശക്തമായ പ്രതിഷേധം വന്നതോടെ ഇപ്പോള്‍ രണ്ടു ഡോക്ടറുടെ സേവനം ലഭിക്കുന്നുണ്ട്. എന്നാല്‍, ഞായറാഴ്ചകളില്‍ ചികിത്സ തീരെ ലഭിക്കുന്നില്ല. കഴിഞ്ഞ ബ്ളോക് ഭരണസമിതിയുടെ കര്‍ശന ഇടപെടലിനെ തുടര്‍ന്ന് കുറച്ച് ഞായറാഴ്ചകളില്‍ ഹോസ്പിറ്റല്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ക്രമേണ ചികിത്സ നിലച്ചു. ബ്ളോക്കില്‍ പുതിയ ഭരണസമിതി അധികാരമേറ്റിട്ടും ആശുപത്രിയുടെ വികസനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ളെന്ന് ആക്ഷേപമുണ്ട്. പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ ഞായറാഴ്ചയും ചികിത്സ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.