വനിതാ അംഗത്തെ കൈയേറ്റംചെയ്ത സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിന്

നാദാപുരം: ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് വനിതാ അംഗത്തെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത സംഭവം ചൂടുപിടിക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സമരത്തിന്. ആദ്യപടിയായി ചൊവ്വാഴ്ച രാവിലെ 11ന് യു.ഡി.എഫ് ജനപ്രതിനിധികള്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ ധര്‍ണ നടത്തും. അറസ്റ്റ് വൈകിയാല്‍ പഞ്ചായത്ത് ഹര്‍ത്താല്‍, പൊലീസ്സ്റ്റേഷന്‍ മാര്‍ച്ച് എന്നീ സമരപരിപാടികളും നടത്തും. ചെയര്‍മാന്‍ മത്തത്ത് അമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബംഗ്ളത്ത്, അഡ്വ. കെ.എം. രഘുനാഥ്, മണ്ടോടി ബഷീര്‍, പി.കെ. ദാമു, എന്‍.കെ. ജമാല്‍ ഹാജി, എരഞ്ഞിക്കല്‍ വാസു, കുന്നത്ത് അമ്മദ്, സി.കെ. നാസര്‍, കെ.ടി.കെ. അശോകന്‍, കെ.പി. സുധീഷ്കുമാര്‍, കൊടിക്കണ്ടി മൊയ്തു എന്നിവര്‍ സംസാരിച്ചു.കഴിഞ്ഞ 20നാണ് ഗ്രാമസഭാ യോഗത്തിനിടെ 19ാം വാര്‍ഡ് അംഗം സുഹറ പുതിയാറക്കലിനെ കൈയേറ്റം ചെയ്തതായി പരാതി ഉയര്‍ന്നത്. മാലിന്യ പ്ളാന്‍റ് വിരുദ്ധ സമരസമിതി കണ്‍വീനര്‍ മുഹ്സിന്‍ അരയാലുള്ളതില്‍, പ്രവര്‍ത്തകന്‍ മുവ്വാഞ്ചേരി മഹമൂദ് എന്നിവര്‍ക്കെതിരെയാണ് പരാതി. സുഹറ നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മാലിന്യവിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുള്ള സി.പി.എം ഇടപെട്ട് പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് യു.ഡി.എഫ് ആരോപണം. കോറം തികയാത്തതിന്‍െറ പേരില്‍ ഗ്രാമസഭ നിര്‍ത്തിവെച്ചതായി മിനുട്സില്‍ രേഖപ്പെടുത്തി ഒപ്പുവെക്കണമെന്നാവശ്യപ്പെട്ടാണ് തന്നെ കൈയേറ്റത്തിന് മുതിര്‍ന്നതെന്ന് ഗ്രാമപഞ്ചായത്ത് അംഗം സുഹറ പുതിയാറക്കല്‍ അറിയിച്ചു. പര്‍ദയില്‍ പിടിച്ചുവലിക്കുകയും അപമാനിക്കുന്ന രീതിയില്‍ അധിക്ഷേപ വാക്കുകള്‍ പറയുകയും ചെയ്തു. കോറം തികയാത്തതിനാല്‍ ഗ്രാമസഭ നിര്‍ത്തിവെച്ചതായി രേഖപ്പെടുത്തി, പിന്നീട് മിനുട്സില്‍ ഒപ്പുവെക്കുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഗ്രാമസഭാ യോഗത്തിനുശേഷം മിനുട്സില്‍ ഒപ്പുവെക്കാതെ സ്ഥലംവിടാന്‍ ശ്രമിച്ച ഗ്രാമപഞ്ചായത്തംഗത്തെ ചോദ്യംചെയ്യുകമാത്രമാണ് ചെയ്തതെന്ന് മാലിന്യ പ്ളാന്‍റ് വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. നിയമാനുസൃതം മാത്രമാണ് ഇങ്ങനെ ചെയ്തത്. ജനപ്രതിനിധിയെ കൈയേറ്റം ചെയ്തുവെന്ന പരാതി അടിസ്ഥാനരഹിതമാണ്. ഇതിന് സാക്ഷികളെ ഹാജരാക്കാന്‍ കഴിയുമോ എന്നും അവര്‍ ചോദിച്ചു. നസീറുദ്ദീന്‍ വധക്കേസ് പ്രത്യേക ഏജന്‍സി അന്വേഷിക്കണം –കുഞ്ഞാലിക്കുട്ടി കുറ്റ്യാടി: വേളം നസീറുദ്ദീന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പ്രത്യേക ഏജന്‍സിയെ അന്വേഷണം ഏല്‍പിക്കണമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. നസീറുദ്ദീന്‍െറ പുത്തലത്തെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കണ്ട് ഈ ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍െറ സമാധാനത്തിനും സൈ്വര ജീവിതത്തിനും ഭീഷണിയായ തീവ്രവാദികള്‍ക്കെതിരെ എന്നും ശക്തമായ നിലപാടെടുത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അതിനാല്‍, ലീഗ് അവരുടെ കണ്ണിലെ കരടാണ്. മത, സാമൂഹിക, രാഷ്ട്രീയ സംഘടനകള്‍ ഒറ്റക്കെട്ടായി ഇവര്‍ക്കെതിരെ അണിനിരക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സമിതിയംഗം സി.വി.എം. വാണിമേല്‍, ദേശീയ സമിതിയംഗം സൂപ്പി നരിക്കാട്ടേരി, യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, കെ.ടി. അബ്ദുറഹ്മാന്‍, നജീബ് കാന്തപുരം, കെ. മുഹമ്മദ് സാലി എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.