ഗ്രാമപഞ്ചായത്ത് വനിതാ അംഗത്തെ കൈയേറ്റം ചെയ്ത സംഭവം: പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റം, പ്രതിപക്ഷം ഇറങ്ങിപ്പോയി

നാദാപുരം: വനിതാ ഗ്രാമപഞ്ചായത്തംഗത്തെ ഗ്രാമസഭ നടക്കുന്നതിനിടയില്‍ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം. ഇതിനുശേഷം പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. 19ാം വാര്‍ഡ് അംഗം ലീഗിലെ സുഹറ പുതിയറക്കലിനെയാണ് കൈയേറ്റത്തിന് ശ്രമിച്ചതായി പരാതി. വ്യാഴാഴ്ച നാദാപുരം ഗവ. യു.പി സ്കൂളില്‍ നടന്ന ഗ്രാമസഭാ യോഗത്തിനിടെ മാലിന്യ പ്ളാന്‍റ് വിരുദ്ധ കര്‍മസമിതി പ്രവര്‍ത്തകരായ മുവ്വാഞ്ചേരി മഹമൂദ്, അരയാലുള്ളതില്‍ മുഹ്സിന്‍ എന്നിവര്‍ കൈയേറ്റത്തിന് ശ്രമിച്ചുവെന്നാണ് സുഹറ പുതിയാറക്കല്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കിയത്. കൈയേറ്റത്തിനെ തുടര്‍ന്ന് ഗ്രാമസഭ നിര്‍ത്തിവെക്കുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തരയോഗം വിളിച്ചത്. കൈയേറ്റക്കാരെ വെള്ളപൂശാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ഭരണകക്ഷി അംഗങ്ങള്‍ യോഗത്തില്‍ കുറ്റപ്പെടുത്തി. കൈയേറ്റത്തെ മുഴുവന്‍ അംഗങ്ങളും അപലപിക്കണമെന്ന് ലീഗ് പ്രതിനിധി എം.പി. സൂപ്പി ആവശ്യപ്പെട്ടു. കൈയേറ്റ സംഭവത്തില്‍ ഗ്രാമസഭാ കോഓഡിനേറ്ററില്‍നിന്ന് വിശദീകരണം ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് പി.കെ. കൃഷ്ണന്‍ പറഞ്ഞു. കൃഷ്ണന്‍െറ പ്രസംഗം എം.പി. സൂപ്പി തടസ്സപ്പെടുത്തിയതോടെ ആറ് പ്രതിപക്ഷ അംഗങ്ങളും യോഗത്തില്‍നിന്ന് പുറത്തുപോവുകയായിരുന്നു. വനിതാ അംഗത്തെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഭരണകക്ഷി പ്രതിനിധികള്‍ പിന്നീട് കല്ലാച്ചി ടൗണില്‍ പ്രകടനം നടത്തി. വനിതാ അംഗത്തെ കൈയേറ്റം ചെയ്ത സംഭവം വിവാദമായതോടെ, മാലിന്യ പ്ളാന്‍റ് പ്രശ്നം വീണ്ടും ചൂട് പിടിക്കുകയാണ്. മാലിന്യ പ്ളാന്‍റ് വിരുദ്ധ സമരരംഗത്തുള്ള പ്രധാന പ്രവര്‍ത്തകരാണ് കൈയേറ്റ സംഭവത്തിലെ പ്രതികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.