കുന്ദമംഗലത്ത് പൊതുശൗചാലയമില്ല; ജനങ്ങള്‍ പ്രക്ഷോഭത്തിന്

കുന്ദമംഗലം: അങ്ങാടിയില്‍ ഉണ്ടായിരുന്ന പൊതുശൗചാലയങ്ങള്‍ ഒന്നൊന്നായി പൂട്ടിയതോടെ യാത്രക്കാരും പഞ്ചായത്ത് ബില്‍ഡിങ്ങിലെ ഷോപ്പുകളില്‍ തൊഴിലെടുക്കുന്നവരും മറ്റു തൊഴിലാളികളും പ്രാഥമികാവശ്യങ്ങള്‍ക്ക് നിവൃത്തിയില്ലാതെ വലയുന്നു. വലിയതോതില്‍ വരുമാനമുള്ള പഞ്ചായത്തായിട്ടും ഗ്രാമപഞ്ചായത്ത് ഭരണക്കാര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന അലംഭാവം പൊതുജന രോഷത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത് ഓഫിസിനു പിറകിലുള്ള പൊതുശൗചാലയം പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് പൂട്ടിച്ചത്. ഇവിടെയുള്ള ടാങ്കില്‍നിന്ന് മലിനജലം ബസ്സ്റ്റാന്‍ഡ് പരിസരത്തേക്ക് ഒഴുകിയതോടെയാണ് പൂട്ടിയത്. നിറഞ്ഞ ടാങ്ക് വൃത്തിയാക്കുന്നതിനോ ടാങ്കിന്‍െറ ചോര്‍ച്ച അടക്കുന്നതിനോ ഇതുവരെ ശ്രമമുണ്ടായിട്ടില്ല. മാസങ്ങള്‍ക്കുമുമ്പാണ് പുതിയ ബസ്സ്റ്റാന്‍ഡിലുള്ള ശൗചാലയങ്ങള്‍ പൂട്ടിയത്. ഇവിടെയുള്ള ഷോപ്പിങ് ബില്‍ഡിങ്ങിലെ മൂന്നു നിലകളിലും ഒന്നിലധികം ബാത്ത്റൂമുകളുണ്ടായിരുന്നു. എന്നാല്‍, നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം ബില്‍ഡിങ്ങിലെ തറനിലയിലെ കടകളിലേക്ക് മലിനജലമൊഴുകിയതാണ് ബാത്ത്റൂമുകള്‍ അടച്ചിടാനിടയാക്കിയത്. ഇവിടെ സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക സൗകര്യത്തോടെ ഷീ ടോയ്ലറ്റും തുറന്നിരുന്നു. ഇത് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പൂട്ടുകയായിരുന്നു. പ്ളംബിങ്ങിലെ അപാകതകൊണ്ടാണ് മലിനജലം പുറത്തേക്കൊഴുകുന്നതെന്നാണ് പറയുന്നത്. എന്നാല്‍, ഇത് ശരിയാവണ്ണം മനസ്സിലാക്കുന്നതിനോ റിപ്പയര്‍ ചെയ്ത് നന്നാക്കുന്നതിനോ പഞ്ചായത്ത് അധികാരികള്‍ ശ്രദ്ധിക്കാത്തതാണ് ജനരോഷത്തിനിടയാക്കിയത്. പഞ്ചായത്ത് ഓഫിസിനു പിറകിലുള്ള ടോയ്ലറ്റ് നന്നാക്കുന്നതിന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷമീന വെള്ളക്കാട്ടും അങ്ങാടിയില്‍നിന്നുള്ള പഞ്ചായത്ത് അംഗം എം.വി. ബൈജുവും ശ്രമിച്ചിരുന്നു. എന്നാല്‍, അതും പാഴ്വേലയാവുകയായിരുന്നു. കുന്ദമംഗലത്തെ പൊതുശൗചാലയങ്ങള്‍ അടച്ചുപൂട്ടിയ പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പൗരസമിതി പ്രതിഷേധിച്ചു. ബാത്ത്റൂമുകള്‍ റിപ്പയര്‍ ചെയ്ത് ജനങ്ങള്‍ക്ക് തുറന്നുനല്‍കിയില്ളെങ്കില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. എം. വിശ്വനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ തിരുവലത്ത്, കെ. രാധാകൃഷ്ണന്‍ നായര്‍, ഒ. വേലായുധന്‍, കണിയാത്ത് ബാബു, ഉദയഭാനു, പി.കെ. ബാബു, പി. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ശൗചാലയങ്ങള്‍ പൂട്ടിയതില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.