മാതൃശിശു സംരക്ഷണകേന്ദ്രം: കൂട്ടിരിപ്പുകാരുടെ വാസം വരാന്തയില്‍തന്നെ

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കുന്നതിനായി നിര്‍മിച്ച ഡോര്‍മിറ്ററി കം കഫറ്റീരിയ ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് മാസത്തോളമായിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല. ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഡോര്‍മിറ്ററി തുറന്നുകൊടുക്കാത്തതുമൂലം ഐ.എം.സി.എച്ചില്‍ ഗര്‍ഭിണികളുടെയും മറ്റു രോഗികളുടെയും കൂടെവരുന്ന നൂറുകണക്കിന് പുരുഷന്മാരാണ് ആശുപത്രി വരാന്തയിലും മറ്റും കൊതുകു കടിയേറ്റ് കിടക്കേണ്ടിവരുന്നത്. വൈദ്യുതിബന്ധം, ജലവിതരണ കണക്ഷന്‍ തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങളാണ് ഡോര്‍മിറ്ററി തുറന്നുകൊടുക്കുന്നതിന് തടസ്സമാവുന്നത്. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.57 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച മൂന്നുനില കെട്ടിടത്തിലാണ് കൂട്ടിരിപ്പുകാര്‍ക്കായി ഡോര്‍മിറ്ററി സൗകര്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുകളിലെ രണ്ടുനിലകള്‍ ഡോര്‍മിറ്ററിയാണ്. 200 ഓളം പേര്‍ക്ക് ഡോര്‍മിറ്ററികളില്‍ താമസിക്കാം. രണ്ടു ഡോര്‍മിറ്ററിയിലും എട്ടു ടോയ്ലറ്റുകളും പത്ത് വാഷ് ബേസിനുകളുമുണ്ട്. ഡോര്‍മിറ്ററിക്ക് പുറത്ത് വാര്‍ഡന് കഴിയാനുള്ള മുറികളും ഇരുനിലകളിലും ഒരുക്കിയിട്ടുണ്ട്. താഴെനിലയില്‍ കഫറ്റീരയയും മെഡിക്കല്‍ ഷോപ്പും സ്റ്റേഷനറി കടയുമാണ് തുടങ്ങുന്നത്. താഴെനിലയില്‍ പ്രവര്‍ത്തിക്കുന്ന കാന്‍റീനിന് എട്ടു വാഷ് ബേസിനുകളും രണ്ടു ബാത്ത്റൂമുകളുമുണ്ട്. മാര്‍ച്ച് നാലിന് എ. പ്രദീപ്കുമാര്‍ എം.എല്‍.എയാണ് ഡോര്‍മിറ്ററി ഉദ്ഘാടനം ചെയ്തത്. ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, കുടിവെള്ള വിതരണവും വൈദ്യുതി കണക്ഷനും ലഭിക്കാത്തതുമൂലമാണ് മാസങ്ങളായിട്ടും കെട്ടിടം തുറന്നുപ്രവര്‍ത്തിക്കാത്തത്. നിലവില്‍ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ സ്ത്രീകളെയല്ലാതെ കൂട്ടുനില്‍ക്കാന്‍ അനുവദിക്കില്ല. സ്ത്രീകള്‍ക്ക് സഹായത്തിന് നില്‍ക്കുന്ന പുരുഷന്മാര്‍ ആശുപത്രിക്ക് പുറത്ത് പോര്‍ട്ടിക്കോയിലും മുറ്റത്തുമെല്ലാം കടലാസ് വിരിച്ചാണ് കിടക്കുന്നത്. രൂക്ഷമായ കൊതുക് കടിയേറ്റാണ് ഇവിടങ്ങളില്‍ കൂട്ടിരിപ്പുകാര്‍ താമസിക്കുന്നത്. ഡോര്‍മിറ്ററി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു പുരുഷന്മാര്‍. കൂടാതെ കാന്‍റീനില്ലാതെ ജീവനക്കാരും രോഗികളും ബന്ധുക്കളുമെല്ലാം ഒരുപോലെ ബുദ്ധിമുട്ടുന്നതിന് ഒരു പരിഹാരമായാണ് കാന്‍റീനും ഒരുങ്ങുന്നത്. മുമ്പ് കാന്‍റീന്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ കെട്ടിടം പണിതത്. ഐ.എം.സി.എച്ചിനകത്തെ ഫാര്‍മസിയുടെ എക്സ്റ്റന്‍ഷന്‍ ഫാര്‍മസിയും മെഡിക്കല്‍ സ്റ്റേഷനറി കടയും തുടങ്ങുന്നതിനാല്‍ ആളുകള്‍ക്ക് മരുന്നിനും മറ്റു സാധനങ്ങള്‍ക്കും റോഡ് മുറിച്ചുകടക്കുന്ന ബുദ്ധിമുട്ടും അവസാനിക്കും. എന്നാല്‍, പുതിയ കെട്ടിടത്തിലെ കാന്‍റീന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങള്‍മൂലം കാന്‍റീന്‍ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാണ്. ഡോര്‍മിറ്ററിയിലേക്കുള്ള നാല് ശുചീകരണത്തൊഴിലാളികളെയും നാല് സെക്യൂരിറ്റി ജീവനക്കാരെയും ആശുപത്രി വികസനസമിതി നിയമിച്ചിട്ടുണ്ട്. രണ്ട് ഹൗസ്കീപ്പര്‍മാരെ ഉടന്‍ നിയമിക്കും. ജലവിതരണം ലഭ്യമായിട്ടുണ്ടെങ്കിലും വൈദ്യുതി കണക്ഷന്‍ കിട്ടാത്തതുമൂലമാണ് കെട്ടിടം തുറന്നുകൊടുക്കാത്തതെന്നും അടുത്തുതന്നെ കണക്ഷന്‍ ലഭ്യമാവുന്ന മുറക്ക് തുറന്നുകൊടുക്കാനാവുമെന്നും ഐ.എം.സി.എച്ച് സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ചന്ദ്രമോഹന്‍ പറഞ്ഞു. സ്റ്റേഷനറിയുടെയും ഫാര്‍മസിയുടെയും പ്രവര്‍ത്തനങ്ങള്‍ പിന്നീട് ആലോചിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.