പരീക്ഷണ ഓട്ടം വിജയം; കുരുക്കഴിഞ്ഞ് നഗരം

മുക്കം: ആഗസ്റ്റ് ഒന്നു മുതല്‍ നടപ്പില്‍വരുന്ന ഗതാഗത പരിഷ്കരണത്തിന്‍െറ ഭാഗമായി മുക്കത്ത് ബുധനാഴ്ച മുതല്‍ തുടങ്ങിയ പരീക്ഷണ ഓട്ടം വന്‍ വിജയം. ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്ന ആലിന്‍ചുവട്, പി.സി റോഡ്, ഓര്‍ഫനേജ് റോഡ്, ബസ്സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലെല്ലാം വാഹനത്തിരക്ക് ഏറെ ഒഴിഞ്ഞിരുന്നു. അനധികൃത പാര്‍ക്കിങ്ങും ഒഴിവായി. ഇനി ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍കൂടി സ്ഥാപിച്ചാല്‍ യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകും. കാരശ്ശേരി ബാങ്കിന് മുന്‍വശം, പി.സി ജങ്ഷന്‍, അഭിലാഷ് ജങ്ഷന്‍, എസ്.കെ പാര്‍ക്കിന് സമീപം, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ വരുംദിവസങ്ങളില്‍ സിഗ്നല്‍ ബോര്‍ഡ് സ്ഥാപിക്കും. ഒമ്പതു ദിവസം കൂടി പരീക്ഷണ ഓട്ടം നടക്കും. ആഗസ്റ്റ് ഒന്നു മുതല്‍ പൂര്‍ണതോതില്‍ പരിഷ്കരണം നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതരും പൊലീസും. ഗതാഗത പരിഷ്കരണ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് നഗരസഭയും പൊലീസും ചേര്‍ന്നാണ് മുക്കത്ത് പരിഷ്കരണം നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമുണ്ടാവുന്ന ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 10 ദിവസം പരീക്ഷണ ഓട്ടം നടക്കുന്നത്. ബസുകളുടെ പോക്കുവരവിലാണ് കാര്യമായ മാറ്റംവരുന്നത്. വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തില്‍ ജനപ്രതിനിധികളും സജീവമായത് ആവേശമായി. മുനിസിപ്പാലിറ്റിയിലെ മിക്ക ഡിവിഷന്‍ അംഗങ്ങളും വാഹനങ്ങളെ നിയന്ത്രിക്കാനും പുതുക്കിയ സംവിധാനം യാത്രക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനും അങ്ങാടിയിലെ വിവിധ ജങ്ഷനുകളില്‍ പൊലീസുകാര്‍ക്കൊപ്പം ഉണ്ടായിരുന്നു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നടപ്പാക്കുന്ന ഗതാഗത പരിഷ്കരണം വിജയിപ്പിക്കാന്‍ സഹകരിക്കുന്ന പൊതുജനങ്ങള്‍, സംഘടനകള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും നഗരസഭാ ചെയര്‍മാന്‍ നന്ദി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.