ഗതാഗതക്കുരുക്കിന് പരിഹാരമായി; പന്നിയങ്കരക്ക് ആശ്വാസം

കോഴിക്കോട്: പന്നിയങ്കര റെയില്‍വേ മേല്‍പാലത്തിന്‍െറ പ്രവൃത്തി നടക്കുന്നതിന്‍െറ ഭാഗമായി കല്ലായി-പന്നിയങ്കര റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരം. കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍മാണപ്രവൃത്തി ഏറ്റെടുത്തുനടത്തുന്ന ഡി.എം.ആര്‍.സി കോണ്‍ക്രീറ്റും മറ്റും ഉപയോഗിച്ച് പെട്ടെന്ന് ഇളകിപ്പോകാത്തവിധം റോഡിലെ കുഴിയടക്കുകയായിരുന്നു. വാഹനഗതാഗതത്തിന് വലിയ തടസ്സമുണ്ടാകാത്തവിധം ട്രാഫിക് പൊലീസിന്‍െറ സഹായത്തോടെ കഴിഞ്ഞ ദിവസം രാത്രിയാണ് റോഡിലെ കുഴികളെല്ലാം മൂടി ഗതാഗതം സുഗമമാക്കിയത്. രണ്ട് ഭാഗത്തേക്കുള്ള റോഡുകള്‍ക്കിടയില്‍ പന്നിയങ്കര റെയില്‍വേ ഗേറ്റിനു സമീപം പുതിയ പ്രവേശസൗകര്യമൊരുക്കിയതും തിരക്ക് കുറക്കാന്‍ സഹായകമായി. നേരത്തേ കല്ലായ് ഭാഗത്തുനിന്ന് പന്നിയങ്കര ഗേറ്റ് കടന്നുപോകേണ്ടവര്‍ പാലത്തിന്‍െറ തെക്കേ അറ്റത്ത് പോയി യു ടേണെടുത്ത് വരേണ്ടിയിരുന്നു. ഗേറ്റ് കടന്ന് മീഞ്ചന്ത ഭാഗത്തേക്ക് പോകുന്നവര്‍ക്കും പുതിയ വഴി ആശ്വാസമാവും. ഈ വഴി വലിയ വാഹനങ്ങള്‍ പോകുന്നത് നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ട്രാഫിക് അസിസ്റ്റന്‍റ് കമീഷണര്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ രാവിലെ ഒമ്പതു മുതല്‍ 11 വരെയും വൈകീട്ട് മൂന്നു മുതല്‍ അഞ്ചു വരെയും ഇതുവഴി സ്കൂള്‍ബസുകളല്ലാത്ത വലിയ വാഹനങ്ങള്‍ പോകുന്നത് നിരോധിക്കാനും തീരുമാനമായി. സര്‍വിസ് റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്താനും ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന് യോഗത്തില്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. റോഡിന്‍െറ ഇരുവശങ്ങളിലുമുള്ള കടകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചക്കകം വിതരണം ചെയ്യാനാണ് ഭൂമി ഏറ്റെടുക്കല്‍ ചുമതലയുള്ള എല്‍.എ (എന്‍.എച്ച്) സ്പെഷല്‍ തഹസില്‍ദാറിന് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. മേല്‍പാലത്തിനു താഴെ ഇരുവശങ്ങളിലൂടെ പോകുന്ന വീതികുറഞ്ഞ റോഡുകള്‍ മഴയില്‍ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളുണ്ടായത് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാകുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ഗതാഗതക്കുരുക്ക് കാരണം ചരക്കുലോറികളും ബസുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വി.കെ. കൃഷ്ണമേനോന്‍ റോഡിലൂടെ പോകുന്നത് സ്കൂള്‍കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി കാണിച്ച് റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികളും കലക്ടറെ സമീപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.