ഫറോക്ക്: ഫറോക്ക് മേഖലയിലെ ഓട്ടുകമ്പനികളിലെ ബോണസ് വിതരണവുമായി ബന്ധപ്പെട്ട പ്രശ്നത്തിനു പരിഹാരമായി. തൊഴിലാളികള്‍ക്ക് ബോണസ് 13.5 ശതമാനമാക്കി നല്‍കാനാണ് വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ധാരണയായത്. കലക്ടറേറ്റില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഏഴാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ വ്യാഴാഴ്ച ഉച്ചക്ക് റീജനല്‍ ലേബര്‍ കമീഷണര്‍ കെ.എസ്. സുനില്‍കുമാര്‍ മുമ്പാകെ ചര്‍ച്ച നടന്നു. ഇതിലാണ് ബോണസ് തര്‍ക്കത്തിന് പരിഹാരം കാണാനായത്. പൂട്ടിക്കിടക്കുന്ന കാലിക്കറ്റ് ടൈല്‍സ് കമ്പനി ഒഴികെയുള്ള കമ്പനികളിലെ തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ച ബോണസ് തുക ആഗസ്റ്റ് 10ന് വിതരണം ചെയ്യാനും തീരുമാനമായി. കാലിക്കറ്റ് ടൈല്‍സ് കമ്പനി തുറന്നുപ്രവര്‍ത്തിക്കുന്നതോടെയേ ബോണസ് വിതരണം നടപ്പാക്കുകയുള്ളൂ. കമ്പനി തുറന്നു പ്രവര്‍ത്തിക്കുന്നതിനായുള്ള മൂന്നാം വട്ട ചര്‍ച്ച ഈ മാസം 20ന് ആര്‍.ജെ.എല്‍.സി മുമ്പാകെ ചേരാനും ധാരണയായി. കഴിഞ്ഞ വിഷുവിന് 45 ശതമാനം ബോണസ് വേണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വില്‍പനയില്ലാതെ കമ്പനി പ്രതിസന്ധിയിലായതിനാല്‍ മിനിമം ബോണസ് 8. 33 ശതമാനം മാത്രമേ നല്‍കുകയുള്ളൂ എന്ന നിലപാടിലായിരുന്നു മാനേജ്മെന്‍റ്. കഴിഞ്ഞവര്‍ഷത്തെ ബോണസ് പരിധിയായിരുന്ന 3500 രൂപ ഇത്തവണ 7000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. നാഷനല്‍ ടൈല്‍സ്, ഹിന്ദുസ്ഥാന്‍ ടൈല്‍സ്, വെസ്റ്റ് കോസ്റ്റ്, മലബാര്‍, കാലിക്കറ്റ് ടൈലറി തുടങ്ങിയ ഫറോക്ക് മേഖലകളിലെ ഓട്ടുകമ്പനികളിലെ തൊഴിലാളികള്‍ക്കാണ് വര്‍ധിപ്പിച്ച ബോണസ് തുകയുടെ ആനുകൂല്യം ലഭ്യമാക്കുക. കഴിഞ്ഞ രണ്ടര മാസത്തിലധികമായി നടന്നുവന്ന തൊഴിലാളികളുടെ സമരം പരിഹരിക്കാനായി ഈ കാലയളവില്‍ എട്ടോളം ചര്‍ച്ചകളാണ് നടന്നത്. വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ വിവിധ കമ്പനി മാനേജ്മെന്‍റ് പ്രതിനിധികളായി എം.എ. അബ്ദുറഹ്മാന്‍, കെ. ഗോപാലകൃഷ്ണന്‍, യു. രാജ്കുമാര്‍ എന്നിവരും വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധാനംചെയ്ത് സുബ്രഹ്മണ്യന്‍ നായര്‍, പി. അഹമ്മദ്കുട്ടി (സി.ഐ.ടി.യു), സദാശിവന്‍, മണാല്‍ വാസുദേവന്‍, എന്‍. സതീശന്‍, വേണു (ഐ.എന്‍.ടി.യു.സി), ഒ. ഭക്തവത്സലന്‍, ഇ. ദിനേശന്‍ (എ.ഐ.ടി.യു.സി), എന്‍. ശശിധരന്‍ (ബി.എം.എസ്) തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.