ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കല്‍ തുടങ്ങി

ചേമഞ്ചേരി: ദേശീയപാതയില്‍ പൂക്കാട് അങ്ങാടിയിലെ ഗതാഗതസ്തംഭനം പരിഹരിക്കാന്‍ ട്രാഫിക് പരിഷ്കരിക്കുന്നു. ഇതിന്‍െറ ഭാഗമായി നിലവിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കുന്ന ജോലി തുടങ്ങി. ബസ്സ്റ്റോപ്പുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊയിലാണ്ടിക്കുള്ള യാത്രക്കാര്‍ ഇപ്പോഴത്തെ രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ നിര്‍മിക്കുന്ന ബസ്സ്റ്റോപ്പും കോഴിക്കോട്ടേക്കുപോകേണ്ടവര്‍ പഞ്ചായത്ത് ഓഫിസിന് മുന്‍ഭാഗത്ത് നിര്‍മിക്കുന്ന ബസ്സ്റ്റോപ്പും ഉപയോഗിക്കണം. ഈമാസം അവസാനത്തോടെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകും. മൂന്നു ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. ദേശീയപാത വികസനം വരുമ്പോള്‍ നഷ്ടംവരാതെ മാറ്റിസ്ഥാപിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്റ്റോപ്പുകള്‍ നിര്‍മിക്കുന്നത്. സ്റ്റോപ്പുകള്‍ മാറുന്നതോടെ ഓട്ടോറിക്ഷകള്‍ക്ക് ഈസ്റ്റ് റോഡ് ജങ്ഷനില്‍നിന്ന് വടക്കോട്ട് സൗത് ഇന്ത്യന്‍ ബാങ്ക് വരെ പാര്‍ക്കിങ് സൗകര്യം ഒരുക്കും. ഇപ്പോള്‍ ഈസ്റ്റ് റോഡ് ജങ്ഷനില്‍ നിര്‍ത്തുന്ന കിഴക്കോട്ടുള്ള ബസുകളുടെ സ്റ്റോപ് ഇലക്ട്രിസിറ്റി ഓഫിസിന് മുന്നിലേക്ക് മാറ്റും. ഈസ്റ്റ് റോഡില്‍നിന്നും ബീച്ച് റോഡില്‍നിന്നും വരുന്ന ബസുകള്‍ അങ്ങാടിയുടെ മധ്യത്തില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിന് പകരം വടക്കോട്ടുള്ള പുതിയ സ്റ്റോപ്പില്‍ നിര്‍ത്തും. നിലവില്‍ കോഴിക്കോട്ടേക്കുള്ള സ്റ്റോപ്പിന് സമീപം പാര്‍ക്ക് ചെയ്യുന്ന ഗുഡ്സ് ഓട്ടോറിക്ഷകള്‍ക്ക് ദേശീയപാതക്ക് പടിഞ്ഞാറ് വശത്ത് വടക്കോട്ടുള്ള ബസ്സ്റ്റോപ്പിന് സമീപത്തായി സൗകര്യം ഒരുക്കും. കാഞ്ഞിലശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മാവേലി സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നിലൂടെയുള്ള റോഡ് ഉപയോഗിച്ച് ദേശീയപാതയില്‍ കയറുന്ന സംവിധാനമുണ്ടാക്കുന്നതും റെയില്‍വേ ഗേറ്റിനും ദേശീയപാതക്കും ഇടയില്‍ ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ് നിരോധിക്കുന്നതും ചര്‍ച്ചനടത്തി തീരുമാനിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അശോകന്‍ കോട്ട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.