പൊതു സ്ഥലംമാറ്റം: പൊലീസിലെ പകപോക്കല്‍ രാഷ്ട്രീയം മറനീക്കി

കോഴിക്കോട്: പൊലീസിലെ പൊതു സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങിയതോടെ സിറ്റി പൊലീസിലെ രാഷ്ട്രീയ ചേരിതിരിവ് വീണ്ടും മറനീക്കി. പൊലീസ് അസോസിയേഷന്‍ യൂനിയനിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലെ ശീതസമരത്തിന്‍െറ തുടര്‍ച്ചയാണ് പുതിയ സ്ഥലംമാറ്റ പട്ടിക. ഡി.ജി.പിയുടെ നിര്‍ദേശങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയുള്ള സ്ഥലംമാറ്റമെന്ന് നിലവിലെ അസോസിയേഷന്‍ ഭരണസമിതിയുടെ ആക്ഷേപത്തിന് യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തെ പകപോക്കല്‍ സ്ഥലംമാറ്റത്തെക്കുറിച്ചാണ് മറുപക്ഷത്തിന് പറയാനുള്ളത്. അസോസിയേഷന്‍െറ നിലവിലെ യു.ഡി.എഫ് അനുകൂല ഭരണസമിതി എല്‍.ഡി.എഫ് അനുകൂല വിഭാഗത്തോട് കഴിഞ്ഞ അഞ്ച് വര്‍ഷം സ്വീകരിച്ച നിലപാടിന്‍െറ തുടര്‍ച്ചയാണിത്. കെട്ടുറപ്പിനെ ബാധിക്കും വിധത്തില്‍ സേനക്കുള്ളില്‍ പ്രത്യക്ഷമായ രാഷ്ട്രീയ ചേരിതിരവ് ഏറ്റവും കൂടുതല്‍ പ്രകടമായിട്ടുള്ളത് കോഴിക്കോട് സിറ്റി പൊലീസ് ജില്ലയിലാണ്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തരവകുപ്പിനും കൃത്യമായ ധാരണയുണ്ടെങ്കിലും നിയന്ത്രിക്കാനായിട്ടില്ല. സീനിയര്‍ സി.പി.ഒ ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും തമ്മിലുണ്ടായ പോരില്‍ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടിരുന്നു. പുതിയ സ്ഥലംമാറ്റ പട്ടികയില്‍ യു.ഡി.എഫ് അനുകൂല അസോസിയേഷനില്‍പെട്ട പലര്‍ക്കും ചട്ടങ്ങള്‍ മറന്ന് സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ട്. സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ് ട്രെയിനര്‍മാരെ അഞ്ച് വര്‍ഷത്തേക്ക് സ്ഥലംമാറ്റരുതെന്ന് 2014ല്‍ ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പുതിയ പട്ടികയില്‍ നാല് എസ്.പി.സി ട്രെയിനര്‍മാര്‍ക്ക് സ്ഥലംമാറ്റമുണ്ട്. ഇതേ ഉത്തരവ് നിലവിലുള്ള കഴിഞ്ഞ പൊതു സ്ഥലംമാറ്റത്തില്‍ ഇടത് അനുകൂല അസോസിയേഷന്‍ അംഗങ്ങളായ രണ്ട് എസ്.പി.സി പരിശീലകരെ വെള്ളയില്‍, മാറാട് പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിരുന്നു. ഇതില്‍ ഒരാള്‍ മാതൃകാ സേവനത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ ലഭിച്ച വനിതാ പൊലീസായിരുന്നു. ഈ രണ്ട് സ്റ്റേഷന്‍ പരിധിയിലെ സ്കൂളുകളിലൊന്നിലും എസ്.പി.സി പദ്ധതി ഇല്ലായിരുന്നു. ട്രെയിനര്‍മാര്‍ അവധിയെടുത്ത് പഴയ സ്റ്റേഷന്‍ പരിധിയിലെ സ്കൂളുകളില്‍ പോകേണ്ട അവസ്ഥയായിരുന്നു അന്ന്. ഇതിന് പകരമെന്നോണമാണ് പുതിയ പട്ടികയില്‍ നാല് ട്രെയിനര്‍മാര്‍ക്കുള്ള സ്ഥലംമാറ്റം. ഒരേ സ്റ്റേഷനില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ നാലുപേര്‍ക്ക് അതേ സ്ഥലത്ത് തുടരാന്‍ അനുമതി നല്‍കിയപ്പോള്‍ മറ്റു ചിലരെ മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് സ്ഥലം മാറ്റിയതും ഈ പട്ടികയുടെ പ്രത്യേകതയാണ്. ഒരേ സ്റ്റേഷനില്‍ മൂന്നുവര്‍ഷം കഴിഞ്ഞ രണ്ട് എസ്.ഐമാരും രഹസ്യന്വേഷണ വിഭാഗത്തിലെയും ഡി.സി.ആര്‍.ബിയിലെയും രണ്ട് പൊലീസുകാരുമടക്കം നാല് പേരാണ് അതേ സ്റ്റേഷനില്‍ തുടരുന്നത്. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളവരെ മാറ്റേണ്ടതില്ളെന്ന പരിഗണനയാണ് എസ്.ഐമാര്‍ക്ക് നല്‍കിയത്. കമീഷണറുടെ നിര്‍ദേശപ്രകാരമാണ് രണ്ട് സി.പി.ഒമാര്‍ അതേ സ്റ്റേഷനില്‍ തുടരുന്നത്. വര്‍ക് അറേഞ്ച്മെന്‍റിന്‍െറ ഭാഗമായി ഒരു വര്‍ഷത്തിനിടെ മറ്റൊരു സ്റ്റേഷനിലേക്ക് സ്ഥലം മാറിയ ഉദ്യോഗസ്ഥന്‍ ആറ് മാസത്തിനുശേഷം അതേ സ്റ്റേഷനിലേക്ക് തിരിച്ചുവരികയാണെങ്കില്‍ ആദ്യത്തെ ജോലി കാലയളവ് പരിഗണിച്ചാണ് ഇത് ചെയ്തത്. നല്‍കിയ ഓപ്ഷനുകളൊന്നും പരിഗണിക്കാതെ ചിലരെ വിദൂരങ്ങളിലേക്ക് മാറ്റിയിട്ടുമുണ്ട്. മൂന്ന് ഓപ്ഷനിലും ഉള്‍പ്പെടാതെ ബാലുശ്ശേരിയില്‍ വീടുള്ളയാളെ ഫറോക്കിലേക്ക് എന്നതുപോലെയാണ് സ്ഥലംമാറ്റിയത്. സിറ്റിയില്‍ 380 പേര്‍ക്കാണ് ഈ പട്ടികയില്‍ സ്ഥലംമാറ്റമുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.