വടകര നിയോജകമണ്ഡലത്തില്‍ 800 ഭൂരഹിതര്‍

വടകര: ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി വടകര മണ്ഡലം ഭൂസമരസമിതി രംഗത്ത്. മണ്ഡലത്തില്‍ 800 കുടുംബങ്ങള്‍ ഭൂരഹിതരായുണ്ടെന്ന് ഭൂസമരസമിതി സി.കെ. നാണു എം.എല്‍.എക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഭൂപരിഷ്കരണ നിയമത്തിന്‍െറ ലക്ഷ്യം ഭൂരഹിതരുടെ ഉടമസ്ഥതയായിരുന്നു. എന്നാല്‍, നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഭൂമാഫിയകളും മറ്റും ഇത്തരം ഭൂമി സ്വന്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമഗ്ര ഭൂപരിഷ്കരണ നിയമം നടപ്പാക്കുക മാത്രമാണ് പരിഹാരമെന്ന് സമരസമിതി പറയുന്നു. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി, മിച്ചഭൂമി, പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി, പാട്ടക്കരാര്‍ ലംഘിച്ച ഭൂമി, അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി എന്നിവ പിടിച്ചെടുത്ത് അര്‍ഹര്‍ക്ക് വിതരണം ചെയ്യുക, സമഗ്ര ഭൂപരിഷ്കരണ കമീഷനെ നിയമിക്കുക, 10 സെന്‍റ് കൃഷിഭൂമി അനുവദിക്കുക, മത്സ്യത്തൊഴിലാളികളുടെ കിടപ്പാടത്തിന് പട്ടയം അനുവദിക്കുക, വാടകക്ക് താമസിക്കുന്ന ഭൂരഹിതര്‍ക്ക് ഭവനനിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ വീട്ടുവാടക അലവന്‍സ് നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം. ഭൂസമരസമിതി നേതാക്കളായ പി. ഉമ്മര്‍, ലത്തീഫ് മുട്ടുങ്ങല്‍, ശംസുദ്ദീന്‍ മുഹമ്മദ്, അബ്ദുന്നാസര്‍, മണ്ഡലം സെക്രട്ടറി ശുഹൈബ് അഴിയൂര്‍, സകരിയ്യ കുന്നുമ്മക്കര, എന്‍.വി.പി. സുനീര്‍, അസ്ഗറലി എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം സമര്‍പ്പിച്ചത്. ബജറ്റില്‍ പ്രഖ്യാപിച്ച മൂന്നു സെന്‍റ് ഭൂമി ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വിഷയം നിയമസഭയില്‍ ചര്‍ച്ചചെയ്യുമെന്നും എം.എല്‍.എ ഉറപ്പുനല്‍കിയതായി സമരസമിതി നേതാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.