ഓണ്‍ലൈന്‍ പ്രശ്നം: ആധാരം രജിസ്ട്രേഷന്‍ നടക്കുന്നില്ല

ഫറോക്ക്: സാങ്കേതിക തകരാറുകള്‍ കാരണം സംസ്ഥാനത്തെ ഒട്ടേറെ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ദിവസങ്ങളായി ആധാരം രജിസ്ട്രേഷന്‍ നടക്കുന്നില്ല. ജനുവരി ഒന്നു മുതലാണ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സബ്രജിസ്ട്രാര്‍ ഓഫിസുകളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപ്പാക്കിയത്. ഈ സംവിധാനപ്രകാരം സര്‍ക്കാര്‍ നിര്‍ദേശിച്ച സൈറ്റിലൂടെ മാത്രമേ ആധാരം രജിസ്ട്രേഷന്‍ സാധിക്കൂ. നേരത്തേ ഓഫിസുകളില്‍ ഉദ്യോഗസ്ഥര്‍ ചെയ്തിരുന്ന ജോലികള്‍ കൂടി ആധാരമെഴുത്തുകാര്‍ ചെയ്യേണ്ട അവസ്ഥയാണ്. എന്നാല്‍, ഓണ്‍ലൈനായി ആധാരം രജിസ്റ്റര്‍ ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ക്കോ ആധാരം തയാറാക്കേണ്ട എഴുത്തുകാര്‍ക്കോ മതിയായ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതോടെ ആധാരം രജിസ്റ്റര്‍ ചെയ്യാനത്തെുന്ന സാധാരണക്കാരുള്‍പ്പെടെ നിരവധി തവണ ഓഫിസ് കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്. ഇതിനു പുറമെ ആധാരം രജിസ്റ്റര്‍ ചെയ്യേണ്ട സൈറ്റ് മിക്കപ്പോഴും നിശ്ചലമായ സ്ഥിതിയാണ്. മതിയായ ശേഷിയുള്ള സര്‍വര്‍ സ്ഥാപിക്കാത്തതാണ് ഇതിന് കാരണം. ഇതോടെ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്ന എഴുത്തുകാര്‍ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍ പോലും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. സംസ്ഥാനത്താകമാനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്ന പദ്ധതിയാണ് പരീക്ഷണഘട്ടത്തിലേ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. മേഖലയിലെ പ്രശ്നപരിഹാരം ഉടന്‍ നടപ്പാക്കിയില്ളെങ്കില്‍ സമരത്തിനൊരുങ്ങുകയാണ് ആധാരം എഴുത്തുകാരുടെ സംഘടനകള്‍. നികുതി നിരക്കുകള്‍ പരിഷ്കരിച്ചതോടെ ആധാരം രജിസ്ട്രേഷനുകള്‍ക്ക് ചെലവേറും. വിലയാധാരങ്ങള്‍ക്ക് രജിസ്ട്രേഷന് ആറു ശതമാനമായിരുന്ന നികുതി എട്ടു ശതമാനമാക്കി വര്‍ധിപ്പിച്ചു. ഇത് ആധാരം രജിസ്ട്രേഷന്‍ പറ്റേ നിലക്കാന്‍ കാരണമാകുമെന്ന് എഴുത്തുകാരുടെ സംഘടനാ നേതാക്കന്മാര്‍ പറഞ്ഞു. ഭാഗപത്രം, ഒഴിമുറി, ധനനിശ്ചയം എന്നിവക്ക് നിരക്ക് കൂടും. 1000 രൂപയുടെ പരിധി എടുത്തുകളഞ്ഞ് മൂന്നു ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെയാണിത്. വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തില്‍ ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തില്‍ നികുതി ഏര്‍പ്പെടുത്തിയെങ്കിലും ഇതുവരെ വീടുകള്‍ക്ക് ബാധമാക്കിയിരുന്നില്ല. പുതിയ ബജറ്റില്‍ ഇതിനും നിര്‍ദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.