ഷാനു വധശ്രമം: പിടികിട്ടാപ്പുള്ളിയെ സല്‍ക്കരിച്ച എസ്.ഐക്കും പൊലീസുകാര്‍ക്കും സ്ഥലംമാറ്റം

കോഴിക്കോട്: ഷാനു വധശ്രമ കേസില്‍ അറസ്റ്റിലായ പിടികിട്ടാപ്പുള്ളിയെ ബിരിയാണി വിളമ്പി ‘സല്‍ക്കരിച്ച’ ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. രണ്ട് എസ്.ഐമാരെയും രണ്ട് സി.പി.ഒമാരെയുമാണ് കണ്ണൂര്‍ എ.ആര്‍ ക്യാമ്പില്‍ തീവ്ര പരിശീലനത്തിനയച്ചത്. കൊടുവള്ളി മാനിപരും സ്വദേശി മുഹമ്മദ് ഷാനുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി താമരശ്ശേരി കുടിക്കിലുമ്മാരം സ്വദേശി കുടുക്കില്‍ നാദിറിനാണ് ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോയിലെ (ഡി.സി.ആര്‍.ബി) അസി. കമീഷണറുടെ ചേംബറില്‍ ‘വിരുന്നൊ’രുക്കിയത്. എസ്.ഐ ശശീന്ദ്രന്‍, ഗ്രേഡ് എസ്.ഐ കനകന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്യാം പ്രസാദ്, ശോബിന്‍ എന്നിവരെയാണ് കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലേക്ക് അയച്ചത്. വധശ്രമത്തിനുശേഷം ദുബൈയിലേക്ക് രക്ഷപ്പെട്ട നാദിറിനെതിരെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡി.സി.ആര്‍.ബി അസി. കമീഷണര്‍ ഇ.പി. പൃഥിരാജ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ നാദിറിനെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി ഡി.സി.ആര്‍.ബിക്ക് കൈമാറി. പ്രതിയെ ഏറ്റെടുത്ത പൊലീസ് കോഴിക്കോട് ഡി.സി.ആര്‍.ബിയില്‍ എത്തിച്ചു. അസി. കമീഷണറുടെ ചേംബറില്‍ ഭക്ഷണവും നല്‍കി. ഇവിടെവെച്ചു ഇതേ കേസില്‍ നേരത്തേ അറസ്റ്റിലായ കൊടുവള്ളി കുന്നുമ്മല്‍ മുസ്തഫ ഇമ്പച്ചനൊപ്പംനിന്ന് ഫോട്ടോയെടുക്കാനും ഫോണ്‍ചെയ്യാനും സൗകര്യം ചെയ്തുകൊടുത്തു. ഡി.സി.ആര്‍.ബി അസി. കമീഷണറുടെ ചേംബറിലിരുന്നു ഭക്ഷണം കഴിക്കുന്ന ചിത്രം മുസ്തഫ ഇമ്പച്ചന്‍ സ്വന്തം ഫേസ്ബുക് പേജിലും വാട്സ്ആപ്പിലും പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്താവുന്നത്. ചട്ടലംഘനം നടത്തിയ സംഭവത്തില്‍ ഉത്തരമേഖലാ മുന്‍ എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ ഡി.സി.ആര്‍.ബി അസി. കമീഷണര്‍ കെ. സുബൈറിനോട് റിപ്പോര്‍ട്ട് തേടിയതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ സെപ്റ്റംബര്‍ 23ന് ഭട്ട്റോഡ് ബീച്ചിലാണ് കേസിനാസ്പദമായ സംഭവം. കള്ളക്കടത്ത് വിവരങ്ങള്‍ പൊലീസിനു ചോര്‍ത്തിക്കൊടുക്കാതിരിക്കാന്‍ ഷാനുവിനെ (19) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.