സുഗിതയുടെ ആദ്യത്തെ കണ്‍മണി; വന്ധ്യതാ ക്ളിനിക്കിന്‍െറയും

കോഴിക്കോട്: ആറ്റുനോറ്റു കാത്തിരുന്നത് ഒമ്പതുവര്‍ഷം. ഒടുവില്‍ ഒരു ഓമനക്കുഞ്ഞു പിറന്നപ്പോള്‍ അത് അച്ഛനുമമ്മക്കും മാത്രമല്ല, മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിനൊന്നാകെ നിര്‍വൃതിയുടെ നിമിഷമായി. കഴിഞ്ഞ തിങ്കളാഴ്ച ബാലുശ്ശേരി കിനാലൂര്‍ കളരിപ്പൊയില്‍ സുഗിതക്കും സുനില്‍കുമാറിനും പിറന്ന ആണ്‍കുഞ്ഞാണ് ഇവിടത്തെ വന്ധ്യതാനിവാരണ ക്ളിനിക്കിന്‍െറ ആദ്യ കണ്‍മണി. ഒരു വര്‍ഷം മുമ്പാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍(ഐ.എം.സി.എച്ച്) വന്ധ്യതാ ക്ളിനിക് തുടങ്ങിയത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ലാബും മറ്റു സൗകര്യങ്ങളും സജ്ജീകരിച്ചത്. ഓരോ ബാച്ചുകളായാണ് ചികിത്സ നടത്തുന്നത്. 2015 ഒക്ടോബറില്‍ ആദ്യബാച്ചിലേക്ക് അഞ്ചുപേരെ എടുത്തു. ഇതില്‍ ആദ്യം കുഞ്ഞിനു ജന്മം നല്‍കാന്‍ ഭാഗ്യം ലഭിച്ചത് 28കാരിയായ സുഗിതക്കാണ്. അഞ്ചുപേരില്‍ രണ്ടുപേരാണ് ഗര്‍ഭിണിയായത്. അടുത്തയാളുടെ പ്രസവം തിങ്കളാഴ്ചത്തേക്കാണ് നിശ്ചയിച്ചത്. സ്വകാര്യ ആശുപത്രികളില്‍ രണ്ടുമുതല്‍ അഞ്ചു ലക്ഷം വരെ ചെലവിട്ടാണ് വന്ധ്യതാനിവാരണ ചികിത്സ ചെയ്യുന്നത്. ഐ.എം.സി.എച്ചിലെ വന്ധ്യതനിവാരണ ക്ളിനിക്കില്‍ ഇതിന് ഒരുലക്ഷത്തോളമേ ചെലവ് വരുന്നുള്ളൂ. സ്വകാര്യ ആശുപത്രികളിലും ക്ളിനിക്കുകളിലും ഇത്തരം പ്രസവങ്ങള്‍ സാധാരണമാണെന്നും എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ വളരെക്കുറവാണെന്നും സുഗിതയുടെ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. എന്‍. പ്രിയ പറയുന്നു. തിരുവനന്തപുരത്തെ എസ്.എ.ടിയില്‍ മാത്രമാണ് ഇത്തരത്തില്‍ വന്ധ്യതാ ക്ളിനിക് പ്രവര്‍ത്തിക്കുന്നതും വിജയകരമായി പ്രസവം നടന്നിട്ടുള്ളതും. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രസവം നടന്നിട്ടില്ല. തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ ക്ളിനിക് തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒന്നുമായിട്ടില്ല. അതുകൊണ്ടുതന്നെ എസ്.എ.ടി കഴിഞ്ഞാല്‍ സര്‍ക്കാറിന്‍െറ വന്ധ്യതാനിവാരണ രംഗത്തെ അഭിമാനനേട്ടം കൈവരിച്ചതിന്‍െറ സന്തോഷത്തിലാണ് ക്ളിനിക്കിലെ ഡോക്ടര്‍മാരും ജീവനക്കാരും ചികിത്സ തേടിയത്തെിയവരും. വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ ക്ളിനിക്കിന്‍െറ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുകയായിരുന്നു. പല സ്വകാര്യ വന്ധ്യതാനിവാരണ ക്ളിനിക്കുകളിലും പരീക്ഷിച്ച് പരാജയപ്പെട്ടവരാണ് ഐ.എം.സി.എച്ചിലെ വന്ധ്യതാനിവാരണ ക്ളിനിക്കിലേക്കത്തെുന്നത്. സുഗിതയും ഭര്‍ത്താവും എത്തിയതും അങ്ങനത്തെന്നെ. ഇന്‍ട്രാ സൈറ്റോപ്ളാസ്മിക് സ്പേം ഇന്‍ജക്ഷന്‍ (ഇക്സി) എന്ന നൂതന സാങ്കേതികവിദ്യയാണ് സന്താനസൗഭാഗ്യത്തിനായി വന്ധ്യതാനിവാരണ ക്ളിനിക്കില്‍ ഉപയോഗിക്കുന്നത്. ഇതിന് വിധേയരാക്കുന്നതില്‍ 30 ശതമാനം പേരാണ് ഗര്‍ഭം ധരിക്കുന്നത്. ഇതില്‍ 20 ശതമാനം പേര്‍ക്കാണ് ഗര്‍ഭാവസ്ഥ വിജയകരമായി തുടരാന്‍ കഴിയുക. സാധാരണ ഗര്‍ഭിണികളെപ്പോലെ അബോര്‍ഷന്‍പോലുള്ള സങ്കീര്‍ണതകള്‍ ഐ.വി.എഫിലൂടെ ഗര്‍ഭം ധരിക്കുന്നവര്‍ക്കും ഉണ്ടാവും. എന്നാല്‍, സാധാരണ ഗര്‍ഭധാരണത്തേക്കാള്‍ ഇരട്ടകളുണ്ടാവാനുള്ള സാധ്യത ഇതില്‍ കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുക. ആദ്യത്തെ പുത്രനായി ജനിച്ച് വന്ധ്യതാക്ളിനിക്കിന്‍െറ പൊന്നോമനയായ സുഗിതയുടെ കുഞ്ഞ് ഇപ്പോള്‍ ഐ.സി.യുവിലാണ്. ജനിച്ചപ്പോഴുണ്ടായിരുന്ന തൂക്കക്കുറവ് ഒഴിച്ചാല്‍ കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. അമ്മക്കും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഡോ. പ്രിയയെക്കൂടാതെ ഡോ. വിനയചന്ദ്രനും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. 200ലേറെപ്പേര്‍ നിലവില്‍ സന്താനസൗഭാഗ്യം തേടി ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.