ഗതാഗതക്കുരുക്കും പൊളിഞ്ഞ ഡിവൈഡറും ജി.എച്ച് റോഡില്‍ യാത്ര ദുഷ്കരം

കോഴിക്കോട്: മുതലക്കുളം മുതല്‍ പാളയം ജങ്ഷന്‍ വരെ ജി.എച്ച് റോഡിലുള്ള ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയാണ്. എന്നാല്‍, മഴക്കാലത്ത് അപകടഭീഷണി ഉയര്‍ത്തുകയാണ് റോഡിലുള്ള തകര്‍ന്ന ഡിവൈഡര്‍. മുമ്പ് റോഡിലുണ്ടായിരുന്ന ഡിവൈഡറാണ് ഇപ്പോള്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്കുള്‍പ്പെടെ ഭീഷണിയാകുന്നത്. റോഡ് നവീകരിച്ചതോടെ നടുവിലുള്ള ഡിവൈഡര്‍ അപ്രത്യക്ഷമായെങ്കിലും പാളയം ജങ്ഷന്‍ വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും ഇപ്പോഴും വരമ്പ് നിലനില്‍ക്കുന്നുണ്ട്. ഗതാഗതക്കുരുക്കില്‍ വരമ്പും മറികടന്ന് സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ തെറ്റായ ദിശയില്‍ വരുന്നതും അപകടസാഹചര്യമൊരുക്കുന്നു. തെറ്റായ ദിശയിലൂടെ വാഹനങ്ങള്‍ പോകുന്നതോടെ കല്ലായി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇത് ഗതാഗതതടസ്സത്തിനും കാരണമാകുകയാണെന്ന് സമീപത്തെ കടകളിലുള്ളവര്‍ പറയുന്നു. മഴയത്ത് പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറില്‍ കയറി ഇരുചക്രവാഹന യാത്രക്കാര്‍ വീഴാറുണ്ട്. ഈ വഴിയില്‍ പുതിയ വരമ്പ് നിര്‍മിച്ച് യാത്ര സുഗമമാക്കുകയോ വരമ്പ് പൂര്‍ണമായും ഒഴിവാക്കി അപകടഭീഷണി ഒഴിവാക്കുകയോ ആണ് പോംവഴി. എന്നാല്‍, വീതികുറഞ്ഞ റോഡില്‍ ഡിവൈഡര്‍ പുനര്‍നിര്‍മിക്കുന്നത് പ്രായോഗികമല്ളെന്നും ഇത് കൂടുതല്‍ ഗതാഗതക്കുരുക്കുണ്ടാക്കുമെന്നും വ്യാപാരികള്‍ പറയുന്നു. ഡിവൈഡറും തെറ്റായ ദിശയിലൂടെയുള്ള വാഹനങ്ങളുടെ പാച്ചിലിനും പുറമെ അനധികൃത പാര്‍ക്കിങ്ങും സ്വകാര്യബസുകള്‍ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്തുന്നതും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ ഇവിടെ സ്ഥിരമായി പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.