തീരദേശങ്ങളില്‍ വിദ്യാഭ്യാസ നിലവാരം ദയനീയമെന്ന് സര്‍വേ റിപ്പോര്‍ട്ട്

കോഴിക്കോട്: സാഹചര്യങ്ങള്‍ ഏറെ മാറിയിട്ടും ജില്ലയുടെ തീരദേശങ്ങളില്‍ പുതുതലമുറയില്‍ വിദ്യാഭ്യാസനിലവാരം അതീവ ദയനീയമെന്ന് സര്‍വേ റിപ്പോര്‍ട്ട്. എന്‍.എസ്.എസ്, റെഡ്ക്രോസ് എന്നിവയുമായി സഹകരിച്ച് എം.ഇ.എസ് നടത്തിയ സാമ്പിള്‍ സര്‍വേയിലാണ് ദയനീയമായ വിവരങ്ങള്‍ ഉള്ളത്. വടകര മുതല്‍ ചാലിയം വരെയുള്ള ജില്ലയിലെ തീരദേശപ്രദേശത്താണ് സംഘം കണക്കെടുപ്പ് നടത്തിയത്. 20 വയസ്സിന് താഴെയുള്ളവരുടെ വിദ്യാഭ്യാസനിലവാരമാണ് പരിശോധിച്ചത്. 14 സ്ഥലങ്ങളിലായി 770 വീടുകളില്‍ 4601 ജനങ്ങള്‍ അധിവസിക്കുന്നു. ഇതില്‍ ഒരാള്‍പോലും സര്‍ക്കാര്‍ ജോലിയുള്ളവരില്ല. 41 പേര്‍ക്ക് സ്വന്തമായി വീടില്ല. 1436 പേരാണ് 20 വയസ്സിന് താഴെയുള്ളത്. എസ്.എസ്.എല്‍.സിക്കാര്‍ 104 പേരും പ്ളസ് ടുക്കാര്‍ 192ഉം ബിരുദമുള്ളവര്‍ 52 പേരും മാത്രമാണ്. കോതി ബീച്ചാണ് ഏറ്റവും താഴെ. ഇവിടെ പത്താംതരം മുതല്‍ പ്ളസ് ടു വരെ പഠിച്ചവര്‍ 11.96 ശതമാനം മാത്രമാണ്. 92 പേരില്‍ അഞ്ചുപേരാണ് എസ്.എസ്.എല്‍.സി ജയിച്ചവര്‍. ആറുപേര്‍ക്ക് പ്ളസ് ടുവുണ്ട്. ബിരുദമുള്ളവര്‍ ഒരാള്‍ പോലുമില്ല. തൊട്ടുപിന്നിലുള്ള തോപ്പയില്‍ ബീച്ചില്‍ പത്ത് മുതല്‍ ബിരുദം വരെ പഠിച്ചവര്‍ 17.88 ശതമാനം പേര്‍ മാത്രം. 151 പേരില്‍ എസ്.എസ്.എല്‍.സിക്കാര്‍ 11 പേര്‍. പ്ളസ് ടു കഴിഞ്ഞവര്‍ 12. ബിരുദക്കാര്‍ നാല് പേര്‍. മുഖദാര്‍ ബീച്ചില്‍ 21.42 ശതമാനമാണ് നിലവാരം. പത്താംതരക്കാര്‍ എട്ട് പേര്‍. പ്ളസ് ടു 10 പേര്‍, ബിരുദക്കാര്‍ ഒമ്പത്. ചാമുണ്ടിവളപ്പ് ബീച്ച് ഭാഗത്ത് പത്ത് മുതല്‍ ബിരുദം വരെ പഠിച്ചവര്‍ 23.59 ശതമാനമാണ്. എസ്.എസ്.എല്‍.സിക്കാര്‍ ആറ്, പ്ളസ് ടു 13, ബിരുദം രണ്ട്. കാപ്പാട് ബീച്ചില്‍ 91 പേരില്‍ 24.18 ശതമാനമാണ് പത്ത് മുതല്‍ ബിരുദം വരെ പഠിച്ചവര്‍. എസ്.എസ്.എല്‍.സി എട്ട്, പ്ളസ് ടു 11, ബിരുദം മൂന്നു പേര്‍. കോയവളപ്പ് ബീച്ചില്‍ 25.25 ശതമാനമാണ് വിദ്യാഭ്യാസ നിലവാരം. 99 പേരില്‍ പത്താംതരക്കാര്‍ എട്ട്, പ്ളസ് ടു 15. ചാലിയം ബീച്ചില്‍ 25.53 ശതമാനമാണ് നിലവാരം. 94 പേരില്‍ പത്ത് കടന്നവര്‍ 11, പ്ളസ് ടു 12. ബിരുദമുള്ളവര്‍ ഒരാള്‍ മാത്രം. ബേപ്പൂര്‍ ബീച്ചില്‍ 26.39 ശതമാനമാണ് നിലവാരം. 72 പേരില്‍ പത്തുകഴിഞ്ഞവര്‍ എട്ട്, പ്ളസ് ടു പത്തു പേര്‍. ബിരുദമുള്ള ഒരാളുണ്ട്. നന്തി-കോടിക്കല്‍ ബീച്ചില്‍ 27.88 പേരാണ് പഠിപ്പുള്ളവര്‍. 104 പേരില്‍ എസ്.എസ്.എല്‍.സിക്കാര്‍ ഏഴ് പേര്‍. പ്ളസ് ടുക്കാര്‍ 15 പേര്‍. ബിരുദമുള്ളവര്‍ ഏഴ് പേര്‍. കൊയിലാണ്ടി ബീച്ചില്‍ 28.39 ശതമാനമാണ് നിലവാരം. എസ്.എസ്.എല്‍.സിക്കാര്‍ അഞ്ചുപേര്‍. പ്ളസ് ടു 17. ബിരുദമുള്ളവര്‍ ഒരാള്‍. പുതിയങ്ങാടി ബീച്ചില്‍ ശതമാനം 28.85 ആണ്. 151 പേരില്‍ 11 പത്താംതരക്കാര്‍, 12 പ്ളസ് ടു, ബിരുദം നാല് എന്നതാണ് നില. പയ്യോളി-ബിസ്മി നഗര്‍ മേഖലയില്‍ 31.89 ശതമാനമാണ് പഠിച്ചവര്‍. 116 പേരില്‍ എസ്.എസ്.എല്‍.സിക്കാര്‍ 22, പ്ളസ് ടു ഏഴ്. എലത്തൂര്‍ ബീച്ചില്‍ എട്ട് എസ്.എസ്.എല്‍.സിക്കാരും 21 പ്ളസ് ടുക്കാരും അഞ്ച് ബിരുദക്കാരും. വടകര-താഴത്തങ്ങാടി മേഖലയിലാണ് തീരദേശത്ത് ഭേദപ്പെട്ട വിദ്യാഭ്യാസനിലവാരമുള്ളത്. ഇവിടെ 42.37 ശതമാനമാണ് നിലവാരം. 59 പേരില്‍ ആറ് എസ്.എസ്.എല്‍.സിക്കാരും 14 പ്ളസ് ടുക്കാരും അഞ്ച് ബിരുദക്കാരുമാണ് ഇവിടെയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.