കൊയിലാണ്ടിയില്‍ അനധികൃത സ്ഫോടക വസ്തുക്കള്‍ പിടികൂടി

കൊയിലാണ്ടി: ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളുടെ വന്‍ശേഖരം പിടിച്ചെടുത്തു. തുവ്വക്കോട് ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച വെടിമരുന്നും പടക്കങ്ങളുമടക്കം സ്ഫോടക വസ്തുക്കളുടെ വന്‍ ശേഖരം പിടികൂടിയത്. അഞ്ച് കേസുകളിലായി മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാവുള്ളി മീത്തല്‍ കുഞ്ഞിരാമന്‍ നായര്‍, കായക്കല്‍ ആനന്ദന്‍, ചെറുവോട്ട് തറയില്‍ ബാബു എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ പരിശോധന വൈകുന്നേരം വരെ നീണ്ടു. വീടുകളിലും ഷെഡുകളിലുമായാണ് ഇവ സൂക്ഷിച്ചത്. ഏതാണ്ട് മൂന്നര കിന്‍റലോളം വരുന്ന വെടിമരുന്ന്, നിര്‍മാണം പൂര്‍ത്തിയായ വലിയ ഓലപ്പടക്കം, ഗുണ്ട്, കോവപ്പടക്കങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവയും പിടികൂടി. കൊയിലാണ്ടി എസ്.ഐ നിപുന്‍ ശങ്കറിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. ബോംബ് സ്ക്വാഡും ഉണ്ടായിരുന്നു. പിടികൂടിയ സ്ഫോടക വസ്തുക്കള്‍ കീഴരിയൂര്‍ എ.ആര്‍. ക്യാമ്പില്‍ സൂക്ഷിക്കും. പിന്നീട് ഇവ നിര്‍വീര്യമാക്കും. വിഷു, ഉത്സവങ്ങള്‍, തെരഞ്ഞെടുപ്പ് എന്നിവ ലക്ഷ്യമിട്ടാണ് പടക്കങ്ങള്‍ നിര്‍മിച്ചത്. തുവ്വക്കോട് ഭാഗത്ത് ഇവ കുടില്‍ വ്യവസായമാണ്. 2011ല്‍ ഇവിടെ വെടിമരുന്നു ശാലക്ക് തീപിടിച്ചിരുന്നു. അന്ന് തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിന് പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.