കോഴിക്കോട്: കളിക്കളത്തില്‍ ഗോത്രചലനങ്ങളോടെ എതിരാളിയെ കബളിപ്പിച്ച് ഓടുന്ന റൊണാള്‍ഡീന്യോ പന്ത് ലക്ഷ്യം കണ്ടാലും പിഴച്ചാലും ചിലപ്പോള്‍ ഫൗള്‍ കാര്‍ഡ് കണ്ടാലും മോണകാട്ടി ചിരിക്കും. ചിരിച്ചുവിടര്‍ന്ന മുഖമുള്ള അയാളെ നെഞ്ചിലേറ്റി ആയിരങ്ങളാണ് കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയത്. ഫെബ്രുവരി അഞ്ചിന് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാളിന്‍െറ ഉദ്ഘാടനത്തിനായി എത്തിയ ബ്രസീല്‍താരം മലബാറിന്‍െറ കളിയാവേശം കണ്ട് പല ആവൃത്തി അതേ ചിരിയുതിര്‍ത്തു. പന്തുമായി താളത്തില്‍ മുന്നേറുന്ന റൊണാള്‍ഡീന്യോ എന്ന ഫുട്ബാളര്‍ ഒരേസമയം നെഞ്ചിടിപ്പ് ഉയര്‍ത്തുന്ന എന്നാല്‍, ചിരിപൊട്ടുന്ന കാഴ്ചയാണ്. ഭാഷയുടെ, ഗാലറിയുടെ അതിര്‍വരമ്പ് ഭേദിച്ചത്തെുന്ന ഇയാളുടെ ഒരു ചിരിയെങ്കിലും ഓര്‍ത്തുവെക്കാത്തവര്‍ കുറവായിരിക്കും. കുട്ടിക്കാലത്തെവിടെയോ കളഞ്ഞുപോയ നിഷ്കളങ്കതയുടെ ഓര്‍മച്ചിത്രങ്ങളിലേക്കാണത് കൊണ്ടുപോകുന്നത്. കടപ്പുറത്ത് പ്രത്യേകം തയാറാക്കിയ വേദിയിലത്തെിയ താരത്തിന്‍െറ ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ ആഗ്രഹിച്ച നിരവധി പേര്‍ ആഹ്ളാദാരവമുയര്‍ത്തിയപ്പോഴും സുരക്ഷാ പ്രശ്നത്തിന്‍െറ ചുവപ്പ് കാര്‍ഡ് വകവെക്കാതെ അദ്ദേഹം തന്‍െറ ഇരുകൈകളും ആരാധകര്‍ക്ക് നേരെ ഉയര്‍ത്തിവീശി. ബ്രസീലിലെ തെരുവുകളില്‍ പന്തുതട്ടി തുടങ്ങിയ ആ ലാറ്റിനമേരിക്കന്‍ വസന്തത്തിന് കോഴിക്കോട് നല്‍കിയ ഊഷ്മള വരവേല്‍പ്പ് ജന്മനാട്ടിലേതിനേക്കാളും ഉപരിയായിരുന്നു. റൊണാള്‍ഡീന്യോ എന്ന പേര് മുഴങ്ങുമ്പോഴെല്ലാം സദസ്സില്‍നിന്നുയര്‍ന്ന ആരവങ്ങളിലേക്ക് നോക്കി ആ ചിരിയോടൊപ്പം കരിയില കിക്കിന്‍െറ മാസ്മരികതയോടെ അഭിവാദ്യങ്ങളും എറിഞ്ഞുകൊടുത്തു റോ. ആറുമണിക്ക് വേദിയിലത്തെുമെന്ന സംഘാടകരുടെ അറിയിപ്പിനെ തുടര്‍ന്ന് ഉച്ചയോടെ തന്നെ ആരാധകര്‍ കടപ്പുറത്തേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. ഞായറാഴ്ചയായതിനാല്‍ നിറഞ്ഞ മണപ്പുറത്തേക്ക് റോ പ്രേമികളുടെ ഒഴുക്കുകൂടിയായതോടെ അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അണിനിരന്ന വേദിയില്‍ നാഗ്ജി കുടുംബത്തില്‍നിന്ന് റൊണാള്‍ഡീന്യോ ഏറ്റുവാങ്ങിയ ട്രോഫി സംഘാടകരായ മോണ്ടിയാല്‍ സ്പോട്സ് എല്‍.എല്‍.പി പ്രതിനിധികള്‍ക്കും ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കും കൈമാറി. കോഴിക്കോട് അന്താരാഷ്ട്ര ഫുട്ബാള്‍ സ്റ്റേഡിയം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്ന ജനസാഗരമാണ് എത്തിയതെന്നും അതിനായി താനും പ്രദീപ്കുമാര്‍ എം.എല്‍.എയും ശ്രമിക്കുമെന്നും എം.കെ. രാഘവന്‍ എം.പി ചടങ്ങില്‍ പ്രഖ്യാപിച്ചു. തൈക്കുടം ബ്രിഡ്ജിന്‍െറ റോക്ക് ഷോയും ഉണ്ടായിരുന്നു. ടൂര്‍ണമെന്‍റിന്‍െറ മുഖ്യ പ്രായോജകര്‍ ആസ്റ്റര്‍ മിംസ് ആണെന്ന് ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സിദ്ദീഖ് അഹമ്മദ് പ്രഖ്യാപിച്ചു. ഫുട്ബാള്‍ ഫോര്‍ പീസ് ഗ്ളോബല്‍ എന്ന യു.കെ ആസ്ഥാനമായുള്ള ചാരിറ്റബ്ള്‍ ട്രസ്റ്റും ആസ്റ്റര്‍ മിംസുമായി സഹകരിക്കുന്നുണ്ട്. പ്രമുഖ ഫുട്ബാളര്‍ കാഷിഫ് സിദ്ദീഖിയാണ് ഫുട്ബാള്‍ ഫോര്‍ പീസിന്‍െറ സ്ഥാപകന്‍. കാര്‍ഡിയാക് ശസ്ത്രക്രിയക്ക് വിധേയനായ മൂന്ന് വയസ്സുകാരന്‍ അന്‍സിന് റൊണാള്‍ഡീന്യോയും കാഷിഫും ഒപ്പിട്ട പന്ത് കൈമാറി. ജനങ്ങളുടെ ഐക്യത്തിനും സമാധാനത്തിനും പ്രേരിപ്പിക്കുന്നതാണ് ഫുട്ബാളെന്നും ഇന്ത്യയിലത്തെിയതില്‍ സന്തോഷവാനാണെന്നും പറഞ്ഞ് റോ വിടവാങ്ങി. വേദി വിടുന്നതിന് മുമ്പ് കാഷിഫിയും റോയും ചേര്‍ന്ന് ആരാധകക്കൂട്ടത്തിന്‍െറ ‘ഗ്രൂഫി’യുമെടുത്തു. ആരാധകരുടെ ആവേശം അണപൊട്ടിയപ്പാള്‍ പലപ്പോഴും സുരക്ഷാവേലിയും ലൈറ്റ് കാലും മറിഞ്ഞ് വീണു. ആര്‍.പി. മാളിലെ റാവിസിലാണ് ഇദ്ദേഹത്തിന് താമസമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.