കാക്കുനിയില്‍ ലീഗ്-സി.പി.എം സംഘര്‍ഷം

കുറ്റ്യാടി: മുസ്ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റതിനെ തുടര്‍ന്ന് വേളം കാക്കുനിയിലുണ്ടായ മുസ്ലിം ലീഗ്-സി.പി.എം സംഘര്‍ഷത്തില്‍ ഏഴു വീട്, കാറ്, കട എന്നിവ തകര്‍ത്തു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ചങ്ങരംകണ്ടി റഷീദ്, പിലാക്കൂല്‍ അബ്ദുല്ലഹാജി, ചെറുമണ്ണുകണ്ടി കുഞ്ഞാലി, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാലോടികയില്‍ ഇബ്രാഹീം, സി.പി.എമ്മുകാരായ എന്‍.കെ. കാളിയത്ത്, കണ്ണങ്കണ്ടി കൃഷ്ണന്‍, തെക്കിനിക്കണ്ടി കണാരന്‍ എന്നിവരുടെ വീടുകള്‍ക്കുനേരെയാണ് വ്യാഴാഴ്ച അര്‍ധരാത്രി ബോംബേറും കല്ളേറും നടന്നത്. ബോംബേറില്‍ പരിക്കേറ്റ തെക്കിനിക്കണ്ടി കണാരനെ വടകര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പിലാക്കൂല്‍ അബ്ദുല്ലഹാജിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയ മകന്‍ ഹാരിസിന്‍െറ ഇന്നോവ കാര്‍ എറിഞ്ഞുതകര്‍ത്തു. ചങ്ങരോത്ത് മൊയ്തുവിന്‍െറ കടയും തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് വേളം പഞ്ചായത്തില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. താലൂക്ക് തഹസില്‍ദാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം അനിഷ്ടസംഭവങ്ങളെ അപലപിച്ചു.    വ്യാഴാഴ്ച രാത്രി വെട്ടേറ്റ വടക്കുംകര അജ്മല്‍ (23) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അറ്റുപോയ കൈവിരല്‍ തുന്നിച്ചേര്‍ത്തു. അജ്മലിനെ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മുറിഞ്ഞുവീണ വിരല്‍ കൊണ്ടുവന്നത്.   ചങ്ങരംകണ്ടി റഷീദിന്‍െറ വീട്ടിലെ വിലപിടിപ്പുള്ള ഉമ്മറവാതിലും ജനല്‍പാളികളും ബോംബെറിഞ്ഞ് തകര്‍ത്തു. സ്റ്റീല്‍ബോംബും കല്ലുകളുമായാണ് ആക്രമണം നടത്തിയത്. റഷീദ് ഗള്‍ഫിലാണ്. ഭാര്യയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. അയല്‍വാസി കണ്ണങ്കണ്ടി കൃഷ്ണന്‍െറ വീടിന്‍െറ വാതില്‍, ജനല്‍പാളി, ഓട് എന്നിവ തകര്‍ത്തു. സി.പി.എം പ്രാദേശികനേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ എന്‍.കെ. കാളിയത്തിന്‍െറ വീടിന്‍െറ വരാന്തയിലെ പാരപ്പറ്റില്‍ എറിഞ്ഞ സ്ഫോടകവസ്തു പൊട്ടി ചീളുകള്‍ തെറിച്ച് ഇറ തകര്‍ന്നു. പിലാക്കൂല്‍ അബ്ദുല്ലഹാജി, ചെറുമണ്ണുകണ്ടി കുഞ്ഞാലി, പാലോടികയില്‍ ഇബ്രാഹീം എന്നിവരുടെ വീടിന്‍െറ ജനല്‍ച്ചില്ലുകളാണ് തകര്‍ന്നത്. ഇതില്‍ കുഞ്ഞാലിയുടെ വീടിന് രണ്ടു ദിവസം മുമ്പും ബോംബെറിഞ്ഞിരുന്നു. ഇബ്രാഹീമിന്‍െറ വീട്ടിലെ കാര്‍പോര്‍ച്ചില്‍നിന്ന് പൊട്ടാത്ത ഒരു സ്റ്റീല്‍ബോംബ് കിട്ടിയത് ബോംബ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. കല്ളേറില്‍ വീട്ടിനകത്ത് കിടന്നുറങ്ങുന്ന കുട്ടികളുടെ ദേഹത്ത് ജനല്‍ച്ചില്ല് പൊട്ടിവീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സി.പി.എം പ്രവര്‍ത്തകന്‍ തറക്കണ്ടി രാജീവന്‍െറ വീടിന് നേരെയെറിഞ്ഞ ബോംബ് മുറ്റത്ത് വീണ് പൊട്ടി. കാക്കുനി അങ്ങാടിയില്‍ ശക്തമായ പൊലീസ് കാവലുണ്ട്. വ്യാഴാഴ്ച രാത്രി പരക്കെ ആക്രമണം നടക്കുമ്പോഴും ഇവിടെ പൊലീസുണ്ടായിരുന്നത്രെ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ് ഇവിടെ സംഘര്‍ഷം രൂപപ്പെടുന്നത്. സി.പി.എമ്മിന്‍െറ സിറ്റിങ് സീറ്റായിരുന്ന പാലോടിക്കുന്ന് വാഡില്‍ ഇത്തവണ കോണ്‍ഗ്രസാണ് ജയിച്ചത്. അതിനുശേഷം ആക്രമണസംഭവങ്ങള്‍ പതിവായിരുന്നു. കരിങ്കല്‍ചീളുകള്‍ നിറച്ച ഒരേ ഇനം നാടന്‍ ബോംബുകളും ഇരുകക്ഷികളുടെയും വീടുകള്‍ക്കുനേരെ പ്രയോഗിച്ചിട്ടുണ്ട്. ഇതില്‍  ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു.  വെള്ളിയാഴ്ച ഉച്ചക്ക് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന സര്‍വകക്ഷി സമാധാനയോഗത്തില്‍ കെ.കെ. ലതിക എം.എല്‍.എ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ. രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. അബ്ദുല്ല, വൈസ് പ്രസിഡന്‍റ് എം. മോളി, കുറ്റ്യാടി സി.ഐ എം.സി. കുഞ്ഞിമൊയ്തീന്‍കുട്ടി, എസ്.ഐ എ. സായൂജ്കുമാര്‍, എന്‍.കെ. കാളിയത്ത്, ടി.വി. മനോജന്‍, എം.എ. കുഞ്ഞബ്ദുല്ല, സി.എം. മൊയ്തീന്‍, പി.കെ. ബഷീര്‍, കെ.സി. ബാബു, സി.കെ. ബാബു, ടി. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. അബ്ദുല്ല ചെയര്‍മാനും ടി.വി. മനോജന്‍ കണ്‍വീനറുമായി സമാധാനകമ്മിറ്റി രൂപവത്കരിച്ചു. വൈകീട്ട് കാക്കുനിയില്‍ സമാധാനയോഗവും നടത്തി. ആക്രമണമുണ്ടായ വീടുകള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.  പഞ്ചായത്ത് പ്രസിഡന്‍റ്  ചെയര്‍മാനായുള്ള  സമാധാന കമ്മിറ്റി നേതൃത്വത്തില്‍ പൊലീസിനെ സഹായിക്കാന്‍ സര്‍വകക്ഷി സ്ക്വാഡും രൂപവത്കരിച്ചിട്ടുണ്ട്. സംഘര്‍ഷം അരങ്ങേറിയ 1,2,16,17 വാര്‍ഡുകളിലെ അതിര്‍ത്തിപ്രദേശങ്ങളിലാണ് സ്ക്വാഡ് പ്രവര്‍ത്തിക്കുക.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.