ബൈപാസ് ഉദ്ഘാടനം : മുഖ്യമന്ത്രിയെ വരവേറ്റത് ജനസാഗരം

കോഴിക്കോട്: പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് ഉദ്ഘാടന ചടങ്ങിന് സാക്ഷിയാവാന്‍ നാട് ഒഴുകിയത്തെി. സമാനതകളില്ലാത്തവിധം ആയിരങ്ങള്‍ തടിച്ചുകൂടിയ സദസ്സ് അപൂര്‍വതയായി. മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിക്കാനായി ബാന്‍ഡ് മേളമുള്‍പ്പെടെയുള്ള ഘോഷയാത്ര ഒരുക്കിയിരുന്നു. എന്നാല്‍, ജനത്തിരക്ക് കാരണമുള്ള സുരക്ഷാപ്രശ്നത്താല്‍ പൊലീസ് മുഖ്യമന്ത്രിയെ റോഡിലിറങ്ങാന്‍ അനുവദിക്കാതെ നേരെ വേദിയിലേക്ക് കൊണ്ടുപോയി. പൂളാടിക്കുന്ന് ജങ്ഷന്‍ മുതല്‍ ഉദ്ഘാടന വേദിയായ പാലോറമല ജങ്ഷന്‍ വരെ റോഡിനിരുവശവും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ തടിച്ചുകൂടി. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ നിറഞ്ഞ സദസ്സിലൂടെ വേദിയിലേക്ക് കൊണ്ടുപോകാന്‍ സംഘാടകര്‍ ഏറെ പ്രയാസപ്പെട്ടു. നിറഞ്ഞ സദസ്സ് കണ്ട ആവേശത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗവും. 800 ദിവസം കൊണ്ട് 100 പാലം നിര്‍മിക്കുന്ന അദ്ഭുതമാണ് മന്ത്രി ഇബ്രാഹിം കുഞ്ഞെന്ന് പുകഴ്ത്തി. പ്രഖ്യാപനവും പ്രസംഗവുമല്ല ഫലമാണ് നമുക്ക് ആവശ്യമെന്നും വികസനത്തിന് ആവശ്യം ജനപിന്തുണയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിഅധ്യക്ഷത വഹിച്ചു.  മന്ത്രി ഇബ്രാഹിംകുഞ്ഞ് സ്വാഗതം പറഞ്ഞു. ഡിസ്ട്രിക് ഫ്ളാറ്റ്ഷിപ് പദ്ധതിക്ക് തുക അനുവദിക്കാന്‍ വേദിയില്‍ വെച്ച് തിരുവനന്തപുരത്തേക്ക് വിളിച്ചതായി മുഖ്യമന്ത്രി സദസ്സിന് ഉറപ്പ് നല്‍കിയതോടെ ഹര്‍ഷാരവമുയര്‍ന്നു. പരിപാടി കഴിഞ്ഞ് പോകുന്ന മുഖ്യമന്ത്രിയെ അടുത്തുനിന്ന് കാണാന്‍ റോഡിനിരുവശവും തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പാടുപെട്ടു.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.