വിഷ്ണുമംഗലം ബണ്ട് അടച്ചുതുടങ്ങി

വളയം: വാണിമേല്‍ പുഴയില്‍ ജലവിതാനം ക്രമാതീതമായി കുറഞ്ഞതോടെ വിഷ്ണുമംഗലം ബണ്ട് അടച്ചുതുടങ്ങി. വടകരക്ക് ഭാഗികമായും എടച്ചേരി, ചോറോട് പുറമേരി ഉള്‍പ്പെടെ വിവിധ പഞ്ചായത്തുകളിലേക്കും ഈ പുഴയില്‍നിന്ന് വെള്ളം ശേഖരിച്ച് പുറമേരി എത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്. പുഴയില്‍ ഒഴുക്ക് നിലച്ച് വെള്ളം കുറഞ്ഞുതുടങ്ങുന്നതോടെയാണ് ബണ്ടിന്‍െറ ഷട്ടര്‍ അടക്കുന്നത്. മഴ കുറയുകയും വെയില്‍ ശക്തമാകുകയും ചെയ്തതോടെ പുഴയില്‍ വെള്ളം ക്രമാതീതമായി കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. വേനല്‍ മഴ ലഭിക്കുന്നില്ളെങ്കില്‍ വെള്ളം ഇല്ലാതാകാനും സാധ്യതയേറെയാണ്. മഴ ലഭിച്ച് പുഴയില്‍ വെള്ളം ഉയര്‍ന്നാലേ ബണ്ട് തുറക്കൂ. ബണ്ട് തുറക്കലും അടക്കലും എളുപ്പമാക്കാന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മൂന്ന് തൊഴിലാളികള്‍ ശ്രമിച്ചിട്ടും രണ്ട് ഷട്ടര്‍ പൂര്‍ണമായും അടക്കാന്‍ കഴിഞ്ഞിട്ടില്ല. തുറക്കുക ഇതിലും കഠിനമാണ്. വെള്ളം നിറഞ്ഞാല്‍ ഷട്ടര്‍ ഉയര്‍ത്തുക എളുപ്പമല്ല. മെക്കാനിക്കല്‍ ഷട്ടര്‍ സ്ഥാപിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടതുണ്ടായില്ല. ഷട്ടര്‍ യന്ത്രവത്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുനിസിപ്പാലിറ്റി മേഖല മാത്രമല്ല വിവിധ പഞ്ചായത്തുകളിലും ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഇത് മുന്നില്‍ കണ്ടാണ് ജല അതോറിറ്റി ബണ്ട് അടക്കാന്‍ തീരുമാനിച്ചത്. ബണ്ട് അടക്കുന്നതോടെ താഴെയുള്ളവര്‍ക്ക് കടുത്ത ക്ഷാമം നേരിടും. അലക്കാനും കുളിക്കാനും കഴിയാത്ത സ്ഥിതി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.