യാത്രക്കാര്‍ വലഞ്ഞു: കൊടുവള്ളിയില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്

കൊടുവള്ളി: കൊടുവള്ളിയില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. സമാന്തര സര്‍വിസിനെ ചൊല്ലി ഓട്ടോത്തൊഴിലാളികളും ബസ് ജീവനക്കാരും തമ്മിലെ തര്‍ക്കമാണ് പണിമുടക്കിലേക്ക് നയിച്ചത്. ഓമശ്ശേരിയില്‍നിന്ന് മാനിപുരം വഴി കൊടുവള്ളിയിലേക്ക് വരുന്ന ടൈറ്റാന്‍ ബസ് ജീവനക്കാര്‍ മാനിപുരത്തുനിന്ന് കൊടുവള്ളിയിലേക്ക് വരുന്ന ഓട്ടോ യാത്രക്കാരെ കയറ്റിയതായി ആരോപിച്ച് തടഞ്ഞുനിര്‍ത്തി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. പ്രശ്നം കൊടുവള്ളിയിലത്തെി പറഞ്ഞ് തീര്‍പ്പാക്കുകയും ചെയ്തിരുന്നുവത്രെ. എന്നാല്‍ ഓട്ടോത്തൊഴിലാളികള്‍ പതിനൊന്നരയോടെ ഡ്രൈവറെ മര്‍ദിച്ചതായി ആരോപിച്ച് കൊടുവള്ളിയില്‍ പഴയ പോസ്റ്റ് ഓഫിസ് കെട്ടിടത്തിന് മുന്നില്‍ ബസ് തടഞ്ഞുനിര്‍ത്തി. ബസ് ജീവനക്കാരെ മര്‍ദിച്ചതായും പറയുന്നു. ഇതോടെ ബസ് തൊഴിലാളികള്‍ 12ഓടെ സര്‍വിസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കുകയാണുണ്ടായത്. ഇതിനിടെ വന്ന കൊടുവള്ളി സി.ഐ എ. പ്രേംജിത്ത് പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു ബസ് തൊഴിലാളിയെ പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോവുകയും ചെയ്തു. ഇതോടെ കൊടുവള്ളി, ഓമശ്ശേരി, നരിക്കുനി-വട്ടോളി മേഖലയിലേക്ക് പോകുന്ന ബസുകള്‍ മുഴുവനും ഓട്ടം നിര്‍ത്തിസമരത്തില്‍ പങ്കെടുത്തു. സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം നിരവധി പേര്‍ ബസ് കിട്ടാതെ ബസ്സ്റ്റാന്‍ഡില്‍ കുടുങ്ങി പ്രയാസപ്പെട്ടു. തുടര്‍ന്ന് ബസുടമകളുമായും ഓട്ടോ തൊഴിലാളികളുമായും പൊലീസ് സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കേസെടുക്കാതെ പ്രശ്നം തീര്‍പ്പാക്കുകയാണുണ്ടായത്. വൈകീട്ട് മൂന്നോടെയാണ് ബസുകള്‍ സര്‍വിസ് പുനരാരംഭിച്ചത്. മേഖലയില്‍ സമാന്തര സര്‍വിസിനെതിരെ ബസുടമകള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നു. നിസ്സാര തര്‍ക്കത്തിന്‍െറ പേരില്‍ ബസുകള്‍ ഓട്ടം നിര്‍ത്തിവെച്ചതില്‍ യാത്രക്കാരില്‍നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.