പദ്ധതി നിര്‍വഹണം : ജില്ലാ പഞ്ചായത്തിന്‍െറയും കോര്‍പറേഷന്‍െറയും പ്രകടനം മോശം

കോഴിക്കോട്: നടപ്പുസാമ്പത്തിക വര്‍ഷവും കഴിഞ്ഞ സാമ്പത്തികവര്‍ഷവും പദ്ധതി നിര്‍വഹണത്തില്‍ കോഴിക്കോട് കോര്‍പറേഷനും ജില്ലാ പഞ്ചായത്തും മോശം പ്രകടനമാണ് നടത്തുന്നതെന്ന് സംസ്ഥാന അഞ്ചാം ധനകാര്യ കമീഷന്‍ ചെയര്‍മാന്‍ പ്രഫ. ബി.എ. പ്രകാശ്. ജില്ലാ കലക്ടറേറ്റ് ഹാളില്‍ നടന്ന ധനകാര്യ കമീഷന്‍ അവലോകന യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ (2015-16) ഇതുവരെ എട്ടുശതമാനം മാത്രമാണ് പദ്ധതി നിര്‍വഹണത്തിനായി കോര്‍പറേഷന്‍ വിനിയോഗിച്ചത്. 2014-15 വര്‍ഷത്തില്‍ മൊത്തം ബജറ്റ് വിഹിതത്തിന്‍െറ 55 ശതമാനമാണ് ചെലവാക്കിയത്. ഇക്കാര്യത്തില്‍ കമീഷന്‍ അവലോകനം ചെയ്ത കൊല്ലം, കൊച്ചി, തൃശൂര്‍ എന്നീ കോര്‍പറേഷനുകളെക്കാള്‍ പിന്നിലാണ് കോഴിക്കോട് കോര്‍പറേഷന്‍. കോര്‍പറേഷനെക്കാള്‍ ഭേദപ്പെട്ട നിലയിലാണ് ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്തെങ്കിലും പദ്ധതി നിര്‍വഹണത്തില്‍ പിറകില്‍ തന്നെയാണ്. 66 ശതമാനം ജില്ലാ പഞ്ചായത്ത് വിനിയോഗിച്ചു. നിയന്ത്രിക്കാനാവാത്ത അത്രയും പദ്ധതികളുടെ ബാഹുല്യമാണ് ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും പദ്ധതി നിര്‍വഹണത്തില്‍ പിന്നോട്ടുപോകന്‍ ഇടവരുത്തിയതെന്ന് കമീഷന്‍ വിലയിരുത്തി. 1283 പദ്ധതികളാണ് 2015-16 വര്‍ഷത്തില്‍ കോര്‍പറേഷനിലുള്ളത്. ഇതില്‍ തന്നെ 490 എണ്ണം കഴിഞ്ഞ സാമ്പത്തികവര്‍ഷം പൂര്‍ത്തീകരിക്കാത്ത പദ്ധതികളാണ്. ഇതില്‍തന്നെ ഏറെയും മരാമത്ത് പണികളാണ.് ഈ വര്‍ഷവും മുന്‍വര്‍ഷവും കോര്‍പറേഷന്‍ പദ്ധതി പ്രവര്‍ത്തനത്തില്‍ പിന്നിലാണ്. പദ്ധതി വിഹിതം വാര്‍ഡുതലത്തിലേക്ക് വിഭജിച്ചുനല്‍കുന്നതിനാലാണ് പദ്ധതികളുടെ എണ്ണം പെരുകുന്നതെന്നും ഈ രീതി മാറ്റണമെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു. കോര്‍പറേഷനും ജില്ലാ പഞ്ചായത്തിനും ഒപ്പം ബുധനാഴ്ച അവലോകനം ചെയ്ത നരിപ്പറ്റ, കടലുണ്ടി, ഉണ്ണികുളം എന്നീ പഞ്ചായത്തുകളും പദ്ധതി വിനിയോഗത്തില്‍ ഏറെ പിന്നിലാണെന്നും കമീഷന്‍ വ്യക്തമാക്കി. സിവില്‍, പെന്‍ഷന്‍, ട്രാന്‍സ്ഫര്‍ തുടങ്ങിയ കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും ഏറ്റവും പ്രധാന്യമുള്ള വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. വടകര ബ്ളോക്കിന്‍െറ പ്രവര്‍ത്തനവും ബുധനാഴ്ച വിലയിരുത്തി. ഉദ്യോഗസ്ഥരുടെ അഭാവവും സ്ഥലംമാറ്റവും അനുമതി ലഭിക്കാനുള്ള കാലതാമസവും പദ്ധതി നിര്‍വഹണത്തിന് തടസ്സമാകുന്നതായി കമീഷന്‍ വിലയിരുത്തി. കോര്‍പറേഷന്‍- ജില്ലാ ഭരണാധികാരികള്‍ അവലോകന യോഗത്തില്‍ അറിയിച്ചതാണിത്. പുതിയ രീതി പ്രകാരം ഉദ്യോഗസ്ഥര്‍ക്ക് എവിടേക്കുവേണമെങ്കിലും സ്ഥലമാറ്റം ലഭിക്കുമെന്ന അവസ്ഥയാണുള്ളത്. മരാമത്ത് പണികളെയാണ് ഇത് ഏറെ ബാധിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍നിന്ന് വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്ട്, സെക്രട്ടറി എം. സലീം എന്നിവരും കോര്‍പറേഷനില്‍നിന്നും മേയര്‍ വി.കെ.സി. മമ്മദ് കോയ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ലിസി രാജന്‍ എന്നിവരും കമീഷന്‍െറ സിറ്റിങ്ങില്‍ ഹാജരായി. ടി.കെ. സോമന്‍, ബി. പ്രദീപ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.