കാന്‍സര്‍ വാര്‍ഡില്‍ എ.സിയില്ല; രോഗികള്‍ വലയുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓങ്കോളജി വിഭാഗത്തിനായി നിര്‍മിച്ച വാര്‍ഡില്‍ എ.സിയില്ലാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. കാന്‍സര്‍ ബ്ളോക്കിന്‍െറ മുകള്‍നിലയില്‍ സീമ എം.പിയുടെ ഫണ്ടില്‍നിന്ന് 75 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച വാര്‍ഡിലാണ് എ.സിയില്ലാതെ രോഗികള്‍ ബുദ്ധിമുട്ടുന്നത്. 20 കിടക്കകളുള്ള രണ്ടു വാര്‍ഡുകളാണ് നിര്‍മിച്ചത്. ഒന്ന് പുരുഷന്മാര്‍ക്കും ഒന്ന് സ്ത്രീകള്‍ക്കും. ഐ.സി.യു ഉള്‍പ്പെടെയുള്ള വാര്‍ഡുകളാണ് രണ്ടും. ഐ.സി.യുവില്‍ എ.സിയുണ്ടെങ്കിലും വാര്‍ഡില്‍ ഇല്ല. ഏറ്റവും മുകള്‍നിലയിലായതിനാല്‍ വേനല്‍ക്കാലത്ത് നല്ല ചൂടാണ് വാര്‍ഡില്‍. നിലവില്‍ പുരുഷന്മാരുടെ വാര്‍ഡിലേക്കു മാത്രമേ രോഗികളെ മാറ്റിയിട്ടുള്ളൂ. മുമ്പ് രണ്ടാം വാര്‍ഡിന്‍െറ ഒരു വശത്തായിരുന്നു പുരുഷന്മാരായ കാന്‍സര്‍ രോഗികള്‍ കിടന്നിരുന്നത്. അവിടെ എ.സി സൗകര്യമുണ്ടായിരുന്നു. പുതിയ വാര്‍ഡിലേക്ക് മാറിയപ്പോള്‍ മറ്റു സൗകര്യങ്ങളെല്ലാം മെച്ചപ്പെട്ടെങ്കിലും എ.സിയില്ല. ചൂട് സഹിച്ച് വാര്‍ഡില്‍ കഴിയുന്നത് രോഗികളുടെ അവസ്ഥ മോശമാക്കുകയാണ്. എ.സി വരുമെന്ന് കരുതി കുറേക്കാലം കാത്തിരുന്നെങ്കിലും ഫലമുണ്ടാകില്ളെന്ന് കണ്ടതോടെയാണ് ഒരു മാസം മുമ്പ് പുരുഷന്മാരെ പുതിയ വാര്‍ഡിലേക്ക് മാറ്റിയത്. സ്ത്രീകളുടെ വാര്‍ഡില്‍ ബാത്റൂമും ഐ.സി.യുവുമില്ലാത്തതിനാലാണ് ഇതുവരെയും മാറ്റാതിരുന്നത്. നിലവില്‍ ഇവയുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത ആഴ്ചയോടുകൂടി സ്ത്രീകളെയും പുതിയ വാര്‍ഡിലേക്ക് മാറ്റാനാകും. എന്നാല്‍, ഇവിടെയും വാര്‍ഡില്‍ എ.സിയില്ല. ചൂടേറിയ സ്ഥലത്ത് എ.സിയില്ലാതെ കഴിയുന്നത് സ്വതവേ പ്രതിരോധശേഷി കുറവായ രോഗികള്‍ക്ക് അണുബാധയേല്‍ക്കുന്നതിനിടയാക്കുമെന്ന് ഡോക്ടര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.