കൊടുവള്ളി: കൊടുവള്ളി മുസ്ലിം ലീഗില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയുടെ സ്വീകരണകേന്ദ്രം നരിക്കുനിയിലേക്ക് മാറ്റി. മണ്ഡലം കമ്മിറ്റി നേതൃത്വവും നഗരസഭ കമ്മിറ്റി നേതൃത്വവും തമ്മിലാണ് അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നത്. ഈമാസം 30ന് കൊടുവള്ളിയില്‍ യാത്രക്ക് സ്വീകരണമൊരുക്കാനായിരുന്നു തീരുമാനിച്ചത്. ഇതിനായുള്ള പ്രചാരണ പരിപാടികളും ആവിഷ്കരിച്ചിരുന്നു. യാത്രയുടെ പ്രചാരണാര്‍ഥം ഒരാഴ്ചമുമ്പ് കൊടുവള്ളിയില്‍ നടന്ന പ്രത്യേക കണ്‍വെന്‍ഷനിലും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണപരിപാടിയില്‍നിന്നും നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി പൂര്‍ണമായും വിട്ടുനിന്നിരുന്നു. മണ്ഡലം കമ്മിറ്റിയോട് അനുഭാവമുള്ള നാല് കൗണ്‍സിലര്‍മാത്രമാണ് കൊടുവള്ളിയില്‍നിന്നും പങ്കെടുത്തത്. ജില്ലാ നേതാക്കളും എം.എല്‍.എമാരുമെല്ലാം പങ്കെടുത്ത പരിപാടിയില്‍ നഗരസഭ നേതൃത്വം പങ്കെടുക്കാത്തതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുകയുണ്ടായി. ഇത് പാര്‍ട്ടി അച്ചടക്കലംഘനവും പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ നഗരസഭ നേതൃത്വം ശ്രമിക്കുന്നതിന്‍െറ ഏറ്റവുംവലിയ ഉദാഹരണമാണെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നത്. നഗരസഭ നേതൃത്വത്തില്‍നിന്നുമുള്ള നിസ്സഹകരണം കേരളയാത്ര സ്വീകരണപരിപാടിക്ക് മാറ്റ് കുറച്ചേക്കുമെന്ന കാരണത്താല്‍ പരിപാടി മറ്റൊരിടത്തേക്ക് മാറ്റണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിരുന്നു. ഇതോടെയാണ് കഴിഞ്ഞദിവസം മണ്ഡലം കമ്മിറ്റി ചേര്‍ന്ന് സ്വീകരണ കേന്ദ്രം നരിക്കുനിയിലേക്ക് മാറ്റുന്ന തീരുമാനമെടുത്തത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ഗ്രൂപ് തര്‍ക്കത്തിന്‍െറ പേരില്‍ പരാജയപ്പെടുത്താന്‍ മണ്ഡലം നേതൃത്വത്തിലിരിക്കുന്നവര്‍ ശ്രമിച്ചതായും ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം തയാറാവാത്തതില്‍ പ്രതിഷേധിച്ചുമാണ് നഗരസഭ നേതൃത്വത്തിന്‍െറ ബഹിഷ്കരണമെന്നാണ് നഗരസഭ നേതൃത്വത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. കേരളയാത്രയുടെ സ്വീകരണ ച്ചടങ്ങ് നരിക്കുനിയിലേക്ക് മാറ്റിയതും നഗരസഭാ നേതൃത്വത്തിന്‍െറ വിയോജിപ്പും അസ്വാരസ്യങ്ങളും ജില്ലാ സംസ്ഥാന നേതൃത്വവും കരുതലോടെയാണ് വീക്ഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ ബാക്കിനില്‍ക്കെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക് കലാശിക്കുമെന്നതിനാല്‍ തര്‍ക്കം രമ്യമായി പരിഹരിച്ച് തെരഞ്ഞെടുപ്പിനെ സജ്ജമാക്കാനുള്ള വഴികളാവും തേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.