മന്ത്രിയും എം.എല്‍.എയും കൊമ്പുകോര്‍ത്തു

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വിഷയത്തില്‍ മന്ത്രി എം.കെ. മുനീറും എ. പ്രദീപ്കുമാര്‍ എം.എല്‍.എയും തമ്മില്‍ കൊമ്പുകോര്‍ത്തു. കലക്ടറേറ്റില്‍ തിങ്കളാഴ്ച നടന്ന നഗരറോഡ് വികസന അവലോകനയോഗത്തിലാണ് ഇരുവരും രോഷംകൊണ്ടത്. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വിഷയത്തില്‍ തന്നെ പ്രതിക്കൂട്ടിലാക്കി ആക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടെ പ്രചാരണം നടത്തുന്നു എന്ന പരിഭവത്തോടെയാണ് മന്ത്രി അവലോകന യോഗത്തില്‍ സംസാരിച്ചുതുടങ്ങിയത്. ഫണ്ട് കൊണ്ടുവരുന്നതിന് മറ്റ് അവകാശികള്‍ ഉണ്ട്. അതൊന്നും തനിക്ക് പ്രശ്നമല്ല. റോഡിന് വേണ്ടതെല്ലാം താന്‍ ചെയ്യുമെന്ന് മുനീര്‍ പറഞ്ഞു. അതിനിടെ എം.എല്‍.എ ഇതില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുനീര്‍ സൂചിപ്പിച്ചത് പ്രദീപ്കുമാറിനെ ക്ഷുഭിതനാക്കി. ഇതില്‍ ആരും രാഷ്ട്രീയം കളിച്ചതല്ളെന്നും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി നിരന്തരം ജനങ്ങളെ പറ്റിച്ചതാണെന്നും പ്രദീപ് കുമാര്‍ കുറ്റപ്പെടുത്തി. നേരത്തെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗം മാറ്റിവെപ്പിച്ചത് പ്രദീപ്കുമാറും എളമരം കരീമും ഇടപെട്ടാണെന്നും അതിന്‍െറ പഴി താന്‍കേള്‍ക്കേണ്ടിവന്നെന്നും മുനീര്‍ പറഞ്ഞു. യോഗം തങ്ങളെ അറിയിക്കാത്തതിനാലാണ് ഇടപെട്ടത് എന്നായിരുന്നു പ്രദീപിന്‍െറ മറുപടി. മുഖ്യമന്ത്രി നിര്‍ദേശിച്ച പ്രകാരം മാസത്തില്‍ അവലോകനയോഗം ചേരാത്തതിനെ എം.എല്‍.എ വിമര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ എല്ലാ മാസവും യോഗം ചേരുന്നുണ്ടെന്ന മറുപടിയെയും എം.എല്‍.എ വിമര്‍ശിച്ചു. അവലോകനയോഗത്തില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കണമെന്നും നഗരറോഡ് വികസനത്തിന്‍െറ മുന്‍ഗണനകള്‍ നിശ്ചയിക്കേണ്ടത് ഉദ്യോഗസ്ഥരല്ളെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി. ഒടുവില്‍ മന്ത്രി മുനീര്‍ ആരോപണം പിന്‍വലിച്ചതോടെയാണ് അവലോകനയോഗം സമാധാനപരമായി മുന്നോട്ട് പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.